അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽ പരിശോധന സ്പെഷൽ ടാസ്ക് ഫോഴ്സിനെ നിയമിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: ബഹ്റൈനിലെ തകർന്നു വീഴാനായതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങളിൽ പരിശോധനക്കും അറ്റകുറ്റപ്പണികൾക്കും സ്പെഷൽ ടാസ്ക് ഫോഴ്സിനെ നിയമിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. അപകടമുണ്ടാകാൻ സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി ഉടമസ്ഥർക്ക് അവബോധം നൽകുക എന്നതാണ് നിർദേശത്തിന്റെ ലക്ഷ്യം. പഴക്കം ചെന്ന കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുമെന്ന ആശങ്ക വർധിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി എം.പിമാർ രംഗത്തെത്തിയത്. അവഗണിക്കപ്പെടുന്ന പഴയകെട്ടിടങ്ങൾ താമസക്കാർക്കും സമീപത്തെ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും അപകടം വരുത്തിവെക്കുമെന്നും എം.പിമാർ പറഞ്ഞു.
ഭവന മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരെയും സിവിൽ സൊസൈറ്റി പ്രതിനിധികളെയും സർട്ടിഫൈഡ് എൻജിനീയർമാരെയും ഉൾപ്പെടുത്തിയുള്ള മൾട്ടി ഏജൻസി ടാസ്ക് ഫോസാണ് എം.പിമാരായ ഖാലിദ് ബുഐനക്, സൈനബ് അബ്ദുൽ അമീർ, ഹിഷാം അൽ അവാദി, മുഹമ്മദ് അൽ മറാഫി, വലീദ് അൽ ദോസരി എന്നിവർ ആവശ്യപ്പെട്ടത്.
അപകട സാധ്യതയുള്ള കെട്ടിടങ്ങൾ, പഴക്കം, നിലവിലെ സ്ഥിതി, പൊതുസുരക്ഷക്കുള്ള ഭീഷണി തുടങ്ങിയവയെല്ലാം വിലയിരുത്തുന്നതിനും ഉറച്ച തീരുമാനമെടുക്കാനും നിർദിഷ്ട ടാസ്ക് ഫോഴ്സിന് സാധ്യമാകും. ഇത് അപകടങ്ങൾ തടയുക മാത്രമല്ല ചരിത്രപരമായ വീടുകൾ സംരക്ഷിക്കേണ്ടതിന്റെയും പരിസരം മെച്ചപ്പെടുത്തുന്നതിന്റെയും കാര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യും. അറ്റകുറ്റപ്പണികൾക്കോ അല്ലെങ്കിൽ പൊളിക്കാനോയുള്ള നിർദേശങ്ങൾ ഫോഴ്സിന്റെ പരിശോധനപ്രകാരം സ്വത്ത് ഉടമകൾക്ക് നോട്ടീസ് ലഭിക്കും. കെട്ടിടം സുരക്ഷിതമാക്കാനുള്ള ചെലവ് സ്വത്തുടമകൾ തന്നെ വഹിക്കണം. അവഗണിക്കുന്നവർക്ക് പിഴയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

