വേട്ടയാടപ്പെടുന്ന നിരപരാധികൾ; ഒരു യുവാവിന്റെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsദീപക് എന്ന യുവാവിന്റെ ആത്മഹത്യക്ക് കാരണമായ വ്യാജ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫയെ ഒടുവിൽ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടുദിവസമായി ഇവർ ബന്ധുവീട്ടിൽ ഒളിവിലായിരുന്നുവെന്നാണ് അറിയുന്നത്. ഒരു നിരപരാധി മരിക്കാൻ കാരണമായ ഒരാളെ സംരക്ഷിക്കാനും ഒളിപ്പിക്കാനും നിന്ന ബന്ധുക്കളുടെ നടപടി ക്രൂരമാണ്. തെറ്റ് ചെയ്തവരെ സഹായിക്കുന്നവരും ആ തെറ്റിൽ പങ്കാളികളാണ്.
സ്ത്രീകൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്. അമ്മയായും ജീവിതപങ്കാളിയായും പെങ്ങളായും മകളായും അവരെ ബഹുമാനിക്കുന്നു. അവർക്കുവേണ്ടിയുള്ള നിയമങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ, ആ ബഹുമാനത്തെയും നിയമത്തെയും കൈയിലെടുത്ത് മറ്റുള്ളവരെ ചതിക്കുന്ന ‘ഷിംജിതമാരെ’ തിരിച്ചറിയണം.
ഇത്തരക്കാർ യഥാർഥത്തിൽ അപമാനിക്കുന്നത് മാന്യമായി ജീവിക്കുന്ന സ്ത്രീസമൂഹത്തെതന്നെയാണ്. അതോടൊപ്പംതന്നെ, സോഷ്യൽ മീഡിയയിൽ ലൈക്കിനും റീച്ചിനും വേണ്ടി സത്യാവസ്ഥ നോക്കാതെ ഒരാളെ വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ക്രൂരതയും തടയപ്പെടണം. ഇത്തരക്കാർ ഒരാളുടെ ജീവിതം തകർക്കുന്നത് വലിയ കുറ്റമായിത്തന്നെ കാണണം.
ഈ വിഷയത്തിൽ ദീപക്കിന് നീതിക്കായി പ്രതികരിച്ച, ആവശ്യപ്പെട്ട ചുരുക്കം ചില ജനപ്രതിനിധികളുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ, ബാക്കിയുള്ള പല എം.എൽ.എമാരും എം.പിമാരും എവിടെയാണ്?
ജനപ്രതിനിധികളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റി ഇരിക്കുമ്പോൾ, നാട്ടിലെ ഒരു സാധാരണക്കാരന് നീതി ഉറപ്പാക്കുക എന്നത് നിങ്ങളുടെ കടമയല്ലേ? അതിന് ആവശ്യപ്പെട്ട് പൊതുവിടത്തിൽ വരൽ ബാധ്യതയല്ലേ?
ദീപക്കിന്റെ മാതാപിതാക്കളുടെ അവസ്ഥ കണ്ടിട്ടും, ഒരു നിരപരാധി കൊല്ലപ്പെട്ട കാര്യം അറിഞ്ഞിട്ടും മൗനം പാലിക്കുന്നത് ആ കടമയിൽനിന്നുള്ള ഒളിച്ചോട്ടമല്ലേ? വോട്ട് നൽകിയ ജനങ്ങളോട് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാകണം. പ്രതിയുടെ ക്രൂരതക്ക് അർഹമായ ശിക്ഷ നൽകി നീതി നടപ്പാക്കണം. ബഹുമാനപ്പെട്ട നീതിപീഠം തക്ക ശിക്ഷ നൽകട്ടെ... ദീപക്കിന് നീതി ലഭിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

