ഗായത്രി വീണയുടെ ശ്രുതിരാഗലയത്തിൽ ഇന്തോ - ബഹ്റൈൻ ഫെസ്റ്റിന് സമാപനം
text_fieldsഇന്തോ-ബഹ്റൈൻ ഫെസ്റ്റ് സമാപന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നുവന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റ് സമാപിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ ജനാവലിയുടെ മുന്നിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതക്കച്ചേരിയും ഗായത്രി വീണവാദനത്തോടെയുമാണ് സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണത്.
ഇന്ത്യയുടെ ബഹ്റൈനിലെ സാംസ്കാരിക മുഖമാണ് ബഹ്റൈൻ കേരളീയ സമാജം എന്നും ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാംസ്കാരിക വിനിമയത്തിന്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ബഹ്റൈന്റെ 50ാം ദേശീയ ദിനാഘോഷത്തിന്റെയും ഭാഗമായി 2001ൽ ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിന് തുടക്കം കുറിച്ചതെന്നും സമാപന ചടങ്ങിന്റെ ആമുഖമായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
വരുംവർഷങ്ങളിലും ഇരു രാജ്യങ്ങളിലെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള വൈവിധ്യമാർന്ന സാംസ്കാരിക സായാഹ്നങ്ങൾ ഒരുക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു. ഫെസ്റ്റിന്റെ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി. ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ ആൻഡ് ആന്റിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച നൃത്ത സംഗീതോത്സവം ഈ മാസം രണ്ടിനാണ് ആരംഭിച്ചത്. വിദേശികളും സ്വദേശികളുമായ നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

