ഇൻഡോ-ബഹ്റൈൻ നൃത്ത സംഗീതോത്സവം അഞ്ചുമുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്റൈൻ നൃത്ത സംഗീതോത്സവത്തിന് അഞ്ചിനു തിരി തെളിയും. വൈകീട്ട് ആറിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ആസാദികാ അമൃത് മഹോത്സവിന്റെയും സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചാരണാർഥം രണ്ടാമത് ഇൻഡോ ബഹ്റൈൻ കൾചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസമായ മേയ് അഞ്ചിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിൽനിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാരുടെ പരിപാടികൾ നടക്കും. ആറിന് പത്മഭൂഷൺ ജേതാവായ സുധ രഘുനാഥൻ അവതരിപ്പിക്കുന്ന കർണാട്ടിക് സംഗീതക്കച്ചേരി, ഏഴിന് ഹരീഷ് ശിവരാമകൃഷ്ണനും ടീമും അടങ്ങുന്ന അകം ബാൻഡിന്റെ സംഗീത വിരുന്ന്, എട്ടിന് പ്രശസ്ത ബഹ്റൈൻ ബാൻഡ് ‘രേവൻസ്’ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, മേയ് 9 ന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവ അരങ്ങേറും.
മേയ് 10ന് പത്മശ്രീ, പത്മഭൂഷൺ ജേതാവായ പണ്ഡിറ്റ് റാഷിദ് ഖാൻ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി നടക്കും. മേയ് 11ന് ഗസൽ ഗായകൻ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസൽ അരങ്ങേറും. അവസാന ദിവസമായ മേയ് 12ന് അരുണ സായിറാം അവതരിപ്പിക്കുന്ന കർണാട്ടിക് സംഗീത കച്ചേരിയാണ് പ്രധാന ആകർഷണം. പ്രശാന്ത് ഗോവിന്ദപുരമാണ് സംഗീതോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് പ്രോഗ്രാം ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

