ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ; നൃത്ത വിസ്മയവുമായി മേതിൽ ദേവിക ഇന്ന് അരങ്ങുവാഴും
text_fieldsമേതിൽ ദേവിക, ആശ ശരത്ത്, ഉത്തര ശരത്ത്
മനാമ: കേരളീയ സമാജം ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ നാലാം എഡിഷന്‍റെ മൂന്നാം ദിനമായ നാളെ നൃത്ത വിസ്മയത്തിനു വേദിയൊരുങ്ങും. പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയുമായ മേതിൽ ദേവികയൊരുക്കുന്ന നയനമനോര നൃത്ത സന്ധ്യയാണ് സമാജം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
മോഹിനിയാട്ടത്തിൽ പ്രശസ്തിയാർജിച്ച ദേവിക ക്ലാസിക്കൽ നൃത്തത്തിൽ നൂതന സമീപനങ്ങൾ സ്വീകരിക്കുന്നതിൻ പ്രശസ്തയാണ്. ഉച്ചില എന്ന് പേരിട്ടിരിക്കുന്ന കഥാവിഷ്കാരമാണ് നൃത്തത്തിന്‍റെ വൃത്തം. കേരളത്തിലെ വാണിയ സമുദായത്തിന്റെ പ്രധാന ആരാധ്യ ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യത്തിൽനിന്നാണ് ഈ നൃത്തം രൂപംകൊണ്ടത്. ഇതിൽ ഉച്ചിലയായാണ് മേതിൽ ദേവികയെത്തുന്നത്. അനായാസം കഥാപാത്രങ്ങളിലേക്ക് രംഗ പ്രവേശനം ചെയ്യാനുള്ള ദേവികയുടെ കഴിവ് പ്രശംസനീയമാണ്.
മോഹിനിയാട്ടത്തിന്‍റെ ഭാവാത്മക ശൈലികളുടെ പ്രയോഗങ്ങളിലും ധാരാളം പ്രശംസകൾ ദേവിക നേടിയിട്ടുണ്ട്. ക്ലാസിക്കൽ മോഹിനിയാട്ടത്തിന്റെ സൗന്ദര്യശാസ്ത്രത്തെ നാടകീയമായ കഥപറച്ചിലുമായി സമന്വയിപ്പിക്കുന്നതാണ് ഈ നൃത്തത്തിന്റെ കൊറിയോഗ്രാഫി. ഇത് എല്ലാതരം പ്രേക്ഷകർക്കും കഥ കൂടുതൽ മനസ്സിലാക്കാനും ആസ്വദിക്കാനും സഹായിക്കും. പരിപാടിയുടെ നാലാം ദിനമായ നാളെ അഭിനയരംഗത്തെ നിറസാന്നിധ്യവും മലയാള സിനിമയുടെ മുഖവുമായ പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത്തും മകൾ ഉത്തര ശരത്തും ബി.കെ.എസ് വേദിയെ ആവേശത്തിലാഴ്ത്തും.
ഭാവനാത്മകമായ ഭരതനാട്യത്തിന് പ്രശസ്തയായ ആശ ശരത്തും മകളും ഒരുക്കുന്ന നൃത്ത രാവിന് പ്രേക്ഷകർ കാത്തിരിക്കയാണ്. അമ്മയും മകളും തമ്മിലുള്ള കെമിസ്ട്രി മാത്രമല്ല രണ്ട് അതുല്യ കലാകാരികളുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെയും പ്രത്യേകത. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഇൻഡോ ബഹ്റൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫെസ്റ്റിവൽ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

