ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും ഇൻഡിഗോയുടെ പ്രതിദിന സർവിസ്
text_fieldsമനാമ: പ്രവാസി മലയാളികൾക്ക് ആവേശമായി ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും ഇൻഡിഗോ എയർലൈൻസ് പുതിയ പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ചു.
നിലവിൽ മുംബൈയിലേക്ക് മാത്രമാണ് ഇൻഡിഗോ ബഹ്റൈനിൽനിന്ന് പ്രതിദിന സർവിസ് നടത്തുന്നത്. പുതിയ തീരുമാനത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും നേരിട്ടുള്ള യാത്രാ സൗകര്യം വർധിക്കും. 2026 സെപ്റ്റംബർ 21 വരെയുള്ള വിമാനങ്ങളുടെ സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ഷെഡ്യൂൾ പ്രകാരം, കൊച്ചിയിലേക്കുള്ള വിമാനം രാത്രി 10.25ന് ബഹ്റൈനിൽനിന്നും പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 5.35ന് കൊച്ചിയിലെത്തും. ഹൈദരാബാദിലേക്കുള്ള വിമാനം രാത്രി എട്ടിന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 2.50ന് ലക്ഷ്യസ്ഥാനത്തെത്തും വിധമാണ് സമയക്രമം. രാത്രികാല യാത്രയായതിനാൽ പിറ്റേന്ന് പുലർച്ചതന്നെ നാട്ടിലെത്താൻ കഴിയുമെന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും.
കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇൻഡിഗോയുടെതന്നെ കണക്ഷൻ ഫ്ലൈറ്റുകൾ ലഭ്യമായിരിക്കും.
വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കും ബിസിനസ് യാത്രക്കാർക്കും ഈ പുതിയ സർവിസുകൾ വലിയ ഗുണകരമാകും. വിമാന ടിക്കറ്റുകൾ ഇപ്പോൾ ഇൻഡിഗോ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

