‘ഇന്ത്യൻ ടാലന്റ് സ്കാൻ’ 25ാം വർഷത്തിലേക്ക്; രജിസ്ട്രേഷൻ ആരംഭിച്ചു
text_fields‘ഇന്ത്യൻ ടാലന്റ് സ്കാനുമായി ബന്ധപ്പെട്ട് കെ.സി.എ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ-സാംസ്കാരിക മത്സരമായ ‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ’ അതിന്റെ 25ാം വർഷത്തിലേക്ക് കടക്കുകയാണ്. ബഹ്റൈനിലെ എല്ലാ ഇന്ത്യൻ വിദ്യാർഥികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന മത്സരങ്ങൾ 2025 ഒക്ടോബർ രണ്ടാം വാരം മുതൽ ഡിസംബർ ആദ്യ വാരം വരെ തുടരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സിമി ലിയോയെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. കുട്ടികളുടെ സാംസ്കാരിക പരിപാടിക്ക് ഒരു വനിത നേതൃത്വം നൽകുന്നത് ബഹ്റൈനിലെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു.
കെ.എം. തോമസ്, ജോയൽ ജോസ് (വൈസ് ചെയർമാന്മാർ), പ്രെറ്റി റോയ്, സിമി അശോക് (വൈസ് ചെയർപേഴ്സന്മാർ), ലിയോ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് പരിപാടികൾ നിയന്ത്രിക്കുന്നത്. ജോബി ജോർജ്, നിക്സൺ വർഗീസ്, സണ്ണി അയിരൂർ തുടങ്ങി 15 പേരടങ്ങുന്ന വിവിധ ഉപസമിതികളും രൂപവത്കരിച്ചിട്ടുണ്ട്. വർഗീസ് ജോസഫിന്റെ നേതൃത്വത്തിൽ, റോയ് സി. ആന്റണി, സേവി മാത്തുണ്ണി, അരുൾദാസ് തോമസ് എന്നിവർ അംഗങ്ങളായി ഒരു ഉപദേശക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ 2025 സെപ്റ്റംബർ നാലിന് ആരംഭിച്ചു. സെപ്റ്റംബർ 30നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. പങ്കെടുക്കുന്നവരുടെ പ്രായം അനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അഞ്ച് ഗ്രൂപ്പുകളിലായി ഏകദേശം 180 വ്യക്തിഗത മത്സരങ്ങളും നിരവധി ടീം ഇനങ്ങളുമുണ്ട്. ഒരു മത്സരാർഥിക്ക് 12 വ്യക്തിഗത ഇനങ്ങളിലും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കാം. ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങൾക്ക് രണ്ട് ദീനാറും അല്ലാത്തവർക്ക് മൂന്ന് ദീനാറുമാണ് പ്രവേശന ഫീസ്. ഡാൻസ് ഇനങ്ങൾക്ക് കെ.സി.എ. അംഗങ്ങൾക്ക് മൂന്ന് ദീനാറും അല്ലാത്തവർക്ക് നാല് ദീനാറുമാണ് ഫീസ്. ടീം മത്സരങ്ങൾക്ക് കെ.സി.എ അംഗങ്ങൾക്ക് അഞ്ച് ദീനാറും അല്ലാത്തവർക്ക് 10 ദീനാറുമാണ് ഫീസ്. വിജയികൾക്ക് കലാതിലകം, കലാപ്രതിഭ അവാർഡുകൾ, ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡുകൾ, നാട്യ രത്ന, സംഗീതരത്ന തുടങ്ങിയ പ്രത്യേക പുരസ്കാരങ്ങളും ലഭിക്കും.
മികച്ച നൃത്ത, സംഗീത അധ്യാപകർക്കും മികച്ച സ്കൂളുകൾക്കും പ്രത്യേക അവാർഡുകൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫികളും ലഭിക്കും. കൂടുതൽ വിവരങ്ങൾ കെ.സി.എ ഓഫിസിലും www.kcabahrain.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ളവരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു: സിമി ലിയോ: 36268208, കെ.എം. തോമസ്: 39867041, ജോയൽ ജോസ്: 36077033.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

