ഇന്ത്യൻ സ്കൂൾ തരംഗ് 2025: ആര്യഭട്ട, സി.വി. രാമൻ ഹൗസുകൾ മുന്നേറുന്നു
text_fieldsഇന്ത്യൻ സ്കൂൾ തരംഗ് 2025 യുവജനോത്സവത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗ് 2025ൽ ആര്യഭട്ട ഹൗസും സി.വി. രാമൻ ഹൗസും മുന്നിട്ടുനിൽക്കുന്നു. നിലവിൽ ആര്യഭട്ട 875 പോയന്റുമായി മുന്നേറുമ്പോൾ 868 പോയന്റുമായി സി.വി. രാമൻ ഹൗസ് തൊട്ടുപിന്നിലെത്തി. 859 പോയന്റുമായി ജെ.സി. ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 828 പോയന്റുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും എത്തിനിൽക്കുന്നു. ആവേശകരമായ കലാപ്രകടനത്തോടെ യുവജനോത്സവം ഇന്ന് (ചൊവ്വാഴ്ച) സമാപിക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കലാരത്ന, കലാശ്രീ പുരസ്കാരങ്ങൾ സമ്മാനിക്കും. ഗ്രൂപ് ചാമ്പ്യൻഷിപ്, ഹൗസ് സ്റ്റാർ അവാർഡുകൾ എന്നിവയും മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നു. മൊത്തത്തിൽ, 1800ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും ഫെസ്റ്റിവലിൽ വിതരണംചെയ്യും. ഇന്ത്യൻ സ്കൂൾ യുവജനോത്സവം മേഖലയിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. ഫലപ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെ അതത് വേദികളിൽ ഗ്രൂപ് ഇവന്റ് സമ്മാനങ്ങൾ വിതരണംചെയ്തുവരുന്നു.
വ്യക്തിഗത പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നൽകും. യുവജനോത്സവത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും ജേതാക്കളെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

