ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഫർഹാൻ റോട്ടാക്സ് മാക്സ് ചലഞ്ചിന്
text_fieldsഫർഹാൻ ബിൻ ഷഫീൽ
മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഫർഹാൻ ബിൻ ഷഫീൽ ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ച് 2025 (ബി.ആർ.എം.സി) സീനിയർ വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. 14 വയസ്സുകാരനായ ഫർഹാൻ നിലവിൽ ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നാഷനൽ കാർട്ടിങ് ടീമായ നോർത്ത്സ്റ്റാർ റേസിംഗിൽ പരിശീലനം നേടുകയാണ് ഈ മിടുക്കൻ. മലയാളിയായ ഫർഹാൻ സ്ഥിരമായ പരിശീലനം, അച്ചടക്കം, അഭിനിവേശം എന്നിവയിലൂടെ ബഹ്റൈനിലെ മോട്ടോർസ്പോർട്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
ചെറുപ്പത്തിലേ കാർ ബ്രാൻഡുകളെ കൃത്യമായി തിരിച്ചറിഞ്ഞാണ് ഫർഹാന്റെ മോട്ടോർസ്പോർട്സിനോടുള്ള അഭിനിവേശം ആരംഭിച്ചത്. ഷഫീൽ മുഹമ്മദിന്റെയും ഷറീന മുഹമ്മദിന്റെയും നാല് മക്കളിൽ മൂത്തവനായ ഫർഹാൻ എടപ്പാൾ സ്വദേശിയാണ്. ബഹ്റൈൻ ഇന്റർനാഷനൽ കാർട്ടിംഗ് സർക്യൂട്ടിൽ ഒരു കാർട്ടിംഗ് സെഷനിൽ പങ്കെടുത്തതാണ് ആദ്യത്തെ ട്രാക്ക് അനുഭവം. കാർട്ടിംഗ് അസസ്മെന്റിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനം പരിശീലകരെ ആകർഷിക്കുകയും ഫർഹാന് നോർത്ത്സ്റ്റാർ റേസിംഗ് ടീമിൽ ഇടം നേടിക്കൊടുക്കുകയും ചെയ്തു.
സ്വന്തം കാർട്ട്, റേസിംഗ് ലൈസൻസ്, പരിശീലന ഷെഡ്യൂൾ എന്നിവയുമായി ഫർഹാൻ വരാനിരിക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ച് സീസണിനായി തയാറെടുക്കുകയാണ്.
അന്താരാഷ്ട്ര വേദിയിൽ ബഹ്റൈനെയും ഇന്ത്യയെയും പ്രതിനിധീകരിക്കാനുള്ള പ്രതീക്ഷയോടെ, മത്സര റേസിംഗിൽ തന്റെ യാത്ര നിലനിർത്താൻ സ്പോൺസർഷിപ്പും പിന്തുണയും ഫർഹാൻ തേടുകയാണ്.
തന്റെ അവസാന സീനിയർ വിഭാഗം റേസിലെ പത്താം സ്ഥാനം നേടി - പരിചയസമ്പന്നരായ പ്രഫഷണലുകൾക്കിടയിൽ മത്സരിക്കുന്ന ഒരു യുവ റേസറിന് ഒരു പ്രധാന നേട്ടമാണ്. 2025-2026 സീസണിലേക്കാണ് ഫർഹാൻ ഇപ്പോൾ മത്സരിക്കുന്നത്. ഫർഹാന്റെ പിതാവ് ഷഫീൽ മുഹമ്മദ് ബഹ്റൈനിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ (അമേഡിയസ്) ജോലി ചെയ്യുന്നു. മാതാവ് ഷറീന മുഹമ്മദ് വീട്ടമ്മയാണ്. സഹോദരങ്ങളായ ഹനാൻ, സൽമാൻ, അദ്നാൻ എന്നിവരും ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്.
ഫോർമുല വൺ ഗ്രാൻഡ് അന്താരാഷ്ട്ര റേസിംഗ് സർക്യൂട്ടുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് തന്റെ സ്വപ്നമെന്ന് ഫർഹാൻ പറഞ്ഞു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രൊജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ഫർഹാന്റെ നേട്ടത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

