ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
text_fieldsവാർത്തസമ്മേളനത്തിൽ സംസാരിക്കുന്ന ഇന്ത്യൻ സ്കൂൾ ചെയർമാൻ
മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കിയാതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം 400,000 ദിനാർ പദ്ധതി ചെലവ് വരുന്ന ഈ സംരംഭത്തിന്‍റെ ഭാഗമായി, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്‍ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്‌ബോർഡുകളും സമഗ്രമായ ഒരു സി.സി.ടി.വി നെറ്റ്‌വർക്കും സ്ഥാപിച്ചു. ഇത് ഏകദേശം 11,500 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. സെയ്ൻ ബഹ്റൈനുമായി സഹകരിച്ചാണ് പദ്ധതി.
ഇന്ത്യൻ സ്‌കൂളിന് നൽകിയ മികച്ച പിന്തുണക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ഇന്ത്യൻ സ്‌കൂൾ അധികൃതർ ഹൃദയംഗമമായ നന്ദി അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ ക്ഷേമവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശം, സഹകരണം, എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനും മറ്റ് മന്ത്രാലയങ്ങൾക്കും മാതാപിതാക്കൾക്കും സാമൂഹികപ്രവർത്തകർക്കും സ്‌കൂൾ അധികൃതർ നന്ദി പറഞ്ഞു.
സമയബന്ധിതമായ ഇടപെടലിലൂടെ ജെ.ഇ.ഇ രണ്ടാം സെഷൻ പരീക്ഷ നടത്താൻ സഹായമൊരുക്കിയ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനും എംബസി ഉദ്യോഗസ്ഥർക്കും, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സ്‌കൂൾ നന്ദി അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ആശ്വാസകരമായ നടപടികൾ സ്‌കൂൾ സ്വീകരിച്ചിട്ടുണ്ട്. 2026 ഏപ്രിലിലെ ഗതാഗത ഫീസ് ഇപ്പോൾ ഈടാക്കില്ല. ഗതാഗത ദാതാവുമായുള്ള കരാർ അനുസരിച്ച്, ഡിസംബറിലെ കുടിശ്ശികയാണ് മാർച്ചിൽ അടച്ചത്. 2025 സെപ്റ്റംബർ മുതൽ 2029 ജൂൺ വരെ ഒരു അധ്യയന വർഷത്തിൽ പത്ത് മാസത്തേക്ക് വിദ്യാർത്ഥികൾക്ക് ഗതാഗത സേവനങ്ങൾ നൽകുന്നതിനായി ട്രാൻസ്പോർട്ട് കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഈ വർഷം നടത്താൻ സ്‌കൂൾ പദ്ധതിയിടുന്നുണ്ട്. കൂടാതെ, സുസ്ഥിരതയോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സ്‌കൂൾ കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയുമായി സഹകരിച്ച് ഒരു സുപ്രധാന സൗരോർജ്ജ സംരംഭം നടപ്പിലാക്കിവരുന്നു.
2026 ഏപ്രിൽ 6 ന് പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകും. ഈ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിനും മികച്ച ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി പരിശ്രമിക്കുമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

