ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ ഡിസൈൻ ജേതാവിന് ആദരം
text_fieldsഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപന ചെയ്ത ജോഹാൻ ജോൺസൺ
ടൈറ്റസിനെ ആദരിക്കുന്നു
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപന ചെയ്ത വിദ്യാർഥിയെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ആദരിച്ചു. ഇന്ത്യൻ സ്കൂളിലെ കൊമേഴ്സ് വിദ്യാർഥിയായ ജോഹാൻ ജോൺസൺ ടൈറ്റസിനെയാണ് ആദരിച്ചത്.
കാൻവയിൽ സൃഷ്ടിച്ച ലോഗോ സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ അർഥവത്തായ പ്രതീകമായി നിലകൊള്ളുന്നു. ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ് വിദ്യാർഥിയായ ജോഹാൻ, നേരത്തേ ഷാരോൺ ഫെലോഷിപ് ചർച്ചിനും ഇന്ത്യൻ സ്കൂൾ ഫെയർവെലിനും പോസ്റ്ററുകൾ രൂപകൽപന ചെയ്തിരുന്നു.
സ്കൂളിന്റെ പൈതൃകം, സാംസ്കാരിക വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ലോഗോ. വ്യത്യസ്ത വർണ പശ്ചാത്തലം സ്കൂളിന്റെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. ഔദ്യോഗിക സ്കൂൾ ലോഗോ ഉൾപ്പെടുത്തുന്നത് അതിന്റെ സമ്പന്നമായ ചരിത്രത്തെ പ്രതീകപ്പെടുത്തുന്നു.
‘75 വർഷത്തെ പ്രകാശമാനമായ മനസ്സുകൾ’ എന്ന ടാഗ്ലൈൻ സ്കൂളിന്റെ മുദ്രാവാക്യമായ ‘തമസോ മാ ജ്യോതിർഗമയ’യുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോഗോയിലെ വൃത്താകൃതിയിലുള്ള വളയം ഐക്യത്തെയും തുടർച്ചയെയും പ്രതിനിധീകരിക്കുന്നു. ചെങ്ങന്നൂർ സ്വദേശിയായ ജോഹാൻ 2022ലാണ് ഇന്ത്യൻ സ്കൂളിൽ ചേർന്നത്.
ബഹ്റൈനിലെ റീഗൽ മെയിന്റനൻസിന്റെ മാനേജർ ടൈറ്റസ് ജോൺസണിന്റെയും ഏലിയമ്മ ടൈറ്റസിന്റെയും മകനാണ് ഈ മിടുക്കൻ. ജെറമി ജോൺസൺ (കാനഡ), ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജോഷ്വ മാത്യു ടൈറ്റസ് എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗം (ഫിനാൻസ് ആൻഡ് ഐ.ടി) ബോണി ജോസഫ് എന്നിവർ ജോഹാന് അവാർഡ് സമ്മാനിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാവിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

