സൈൻ ബഹ്റൈനുമായി സഹകരിച്ച് 4,00,000 ദിനാർ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്കൂൾ
text_fieldsമനാമ: സൈൻ ബഹ്റൈനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 400,000 ദിനാർ ചെലവിട്ട് നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടിവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ സി.സി.ടി.വി നെറ്റ്വർക്കും സ്ഥാപിക്കും. ഏകദേശം 12,000 വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ഭാഗമായി, സെയ്ൻ ബിസിനസ് ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി)യും എക്സ്ട്രാ-ലോ വോൾട്ടേജ് (ഇ.എൽ.വി) സൊല്യൂഷനുകളും ആവശ്യമായ സോഫ്റ്റ്വെയർ ലൈസൻസുകളും ഉടൻ ലഭ്യമാക്കും.
ഇതുസംബന്ധിച്ച കരാറിൽ സെയ്ൻ ബഹ്റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ഖാലിദ് അൽ ഖലീഫയും ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും ഒപ്പുവെച്ചു. തദവസരത്തിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവരും സന്നിഹിതരായിരുന്നു. സ്കൂളിന്റെ ഇരു കാമ്പസുകളിലെയും 350 ക്ലാസ് മുറികളിൽ അത്യാധുനിക ഡിജിറ്റൽ സ്മാർട്ട്ബോർഡുകൾ സജ്ജീകരിച്ച് പഠനസൗകര്യങ്ങൾ ആധുനീകരിക്കും. സങ്കീർണമായ ആശയങ്ങൾ കൂടുതൽ ഫലപ്രദമായി വിശദീകരിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ സാധിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

