ഇന്ത്യൻ സ്‌കൂൾ ജനറൽ ബോഡി നടപടികൾ ഏകപക്ഷീയം; യുപിപി
text_fieldsയു.പി.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
മനാമ: ഇന്ത്യൻ സ്‌കൂളിൽ നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ എതിർപ്പുകളും നിർദേശങ്ങളും തള്ളി, ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി നടപടികൾ മുന്നോട്ടുകൊണ്ടുപോയ ഭരണസമിതി നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുണൈറ്റഡ് പേരെന്റ്‌സ് പാനൽ (യു.പി.പി) നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രക്ഷിതാക്കളുടെ അഭിപ്രായം കേൾക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ എന്തിനാണ് ധൃതിപിടിച്ച് ഇത്തരമൊരു പ്രഹസന ജനറൽ ബോഡി വിളിച്ചുചേർത്തതെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അക്കാദമിക് വിഷയങ്ങളൊഴികെ, ഫിനാൻസ്, ഭരണഘടനാ ഭേദഗതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ മാറ്റങ്ങൾ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷ പിന്തുണയോടെ മാത്രമാണ് തീരുമാനിക്കേണ്ടത്. എന്നാൽ, ഭരണപക്ഷത്തിന്റെ രഹസ്യ അജണ്ടകൾ പുറത്തുവരുമെന്ന ഭയത്താലാണ് ചെയർമാൻ വോട്ടെടുപ്പിനെ എതിർത്തത്. യോഗത്തിൽ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കാര്യം അവതരിപ്പിക്കാൻ തുനിഞ്ഞപ്പോഴും, ഭരണമുന്നണിയിലെ സ്റ്റാഫ് പ്രതിനിധിയും മുതിർന്ന അധ്യാപികയുമായ വനിത സംസാരിക്കാൻ മുന്നോട്ടുവന്നപ്പോഴും ചെയർമാൻ അവരെ തടയുകയും കോപിതനായി പെരുമാറുകയും ചെയ്തു. തുടർന്ന് അധ്യാപികയ്ക്ക് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ അജണ്ടയായ ഫീസ് കുടിശ്ശിക തിരിച്ചുപിടിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് പകരം, രണ്ടു മാസത്തെയോ അതിൽ കുറവോ മാത്രം കുടിശ്ശികയുള്ളവർക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം നിഷേധിച്ചത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ ഇരുട്ടടിയായി മാറുകയായിരുന്നു. മൂന്നാമത്തെ അജണ്ടയായ സി.ആർ വിഷയത്തിൽ സ്കൂളിന്റെ പേരിൽ സി.ആർ എടുക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.
എന്നാൽ, പ്രാർത്ഥനയ്ക്കുള്ള ഇടവേളയ്ക്ക് ശേഷം യോഗം പുനരാരംഭിച്ചപ്പോൾ ഭരണഘടന മാറ്റാൻ തീരുമാനമെടുത്തു എന്ന് ചെയർമാൻ പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ ശക്തമായി പ്രതിഷേധിച്ചതോടെ ചെയർമാൻ ഇറങ്ങിപ്പോയി. പിന്നീട് രക്ഷിതാക്കളുടെ സമ്മർദ്ദത്താൽ തിരിച്ചെത്തിയ ചെയർമാനോട് ഭരണഘടനാ ഡ്രാഫ്റ്റിലെ അക്ഷരത്തെറ്റുകളും ഗുരുതര പിഴവുകളും ഒരു രക്ഷിതാവ് ചൂണ്ടിക്കാണിച്ചെങ്കിലും അതിനൊന്നും മറുപടിയുണ്ടായില്ല. ചർച്ചയും വോട്ടെടുപ്പുമില്ലാതെ ഭരണഘടനാ മാറ്റം അംഗീകരിച്ചു എന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിന്നതോടെ രക്ഷിതാക്കളുമായി കടുത്ത വാഗ്വാദമുണ്ടാവുകയും, നാലാമത്തെ അജണ്ടയായ കെട്ടിട നിർമ്മാണ വിഷയം അവതരിപ്പിക്കാതെ യോഗം പൊടുന്നനെ അവസാനിപ്പിക്കുകയുമാണുണ്ടായത്. എന്നാൽ, ഇപ്പോൾ കാര്യങ്ങളെല്ലാം പാസ്സായി എന്ന് കാണിച്ച് സ്കൂളിൽ നിന്ന് സർക്കുലർ അയച്ചിരിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.
അതിനാൽ അടിയന്തരമായി മറ്റൊരു ജനറൽ ബോഡി വിളിച്ച് ജനാധിപത്യപരമായി വീണ്ടും അനുമതി തേടണമെന്ന് യു.പി.പി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ യു.പി.പി നേതാക്കളായ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോ. ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീഷ്, ഫഹദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

