ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
text_fieldsഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പ്രകാശനം
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യഴാഴ്ച നടന്നു. ജനുവരി 15,16 തീയതികളിൽ നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിൽ സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ റിസ്‌വാൻ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, പ്ലാറ്റിനം ജൂബിലി ഫെയർ അഡ്വൈസർ മുഹമ്മദ് ഹുസൈൻ മാലിം, സ്‌പോൺസർഷിപ്പ് ജനറൽ കൺവീനർ അജയകൃഷ്ണൻ വി, കോഓർഡിനേറ്റർ അഷ്‌റഫ് കെ, വിപിൻ കുമാർ, നാസർ മഞ്ചേരി, സർവർ ഖാൻ, ജ്യോതി മേനോൻ, വി ബഷീർ, ഇബ്രാഹിം പുറക്കാട്ടിരി, ജോർജി, മറ്റ് കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
രണ്ടു ദിനാറാണ് മേളയുടെ പ്രവേശന ടിക്കറ്റ് നിരക്ക്. മേളയുടെ ആദ്യ ദിനമായ ജനുവരി 15ന് വ്യാഴാഴ്ച ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾ ആരംഭിക്കുന്നത്. 16ന്, വിദ്യാർഥികളുടെ സാംസ്കാരിക അവതരണങ്ങളോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് പിന്നണി ഗായിക രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവർ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. രണ്ട് ദിവസങ്ങളിലെയും പരിപാടികൾ വൈകുന്നേരം 6മുതൽ രാത്രി 10.30 വരെ നടക്കും.
കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന വിദ്യാർഥികളുടെ സാംസ്കാരിക പ്രകടനങ്ങളുടെ ശ്രദ്ധേയമായ ഒരു ശ്രേണി മേളയിൽ പ്രദർശിപ്പിക്കും. മേളയുടെ ഒരു പ്രധാന ആകർഷണം അതിന്റെ വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളായിരിക്കും. ലൈസൻസുള്ള ഔട്ട്ഡോർ കാറ്ററിംഗ് സ്ഥാപനങ്ങൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രിയ പാചകരീതികൾക്കൊപ്പം ബഹ്‌റൈനിൽ നിന്നുള്ള പ്രാദേശിക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കും. കൂടാതെ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി ഗെയിമുകൾ, വിനോദ സ്റ്റാളുകൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവ ക്രമീകരിക്കും.
റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായി ഒരു എം.ജി കാർ നൽകി സയാനി മോട്ടോഴ്‌സ് മേളയെ ഉദാരമായി പിന്തുണക്കുന്നു. ജനുവരി 18 ന് രാവിലെ 11ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റാഫിൾ നറുക്കെടുപ്പ് നടക്കും. രണ്ടു കാമ്പസിലെയും പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ ഐഎസ്‌ബി സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു. ജനറൽ കൺവീനർ ആർ. രമേശിന്റെ നേതൃത്വത്തിലുള്ള രക്ഷാകർതൃ സംഘാടക സമിതിയും മേളയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. പരിപാടിയിൽ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ സംരംഭങ്ങൾ എന്നിവയിലേക്ക് വിനിയോഗിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

