Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ മികവ് പ്രതിഫലിപ്പിച്ച മൂന്ന് വർഷം; ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിന്

text_fields
bookmark_border
വിദ്യാഭ്യാസ മികവ് പ്രതിഫലിപ്പിച്ച മൂന്ന് വർഷം; ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിന്
cancel

മനാമ: മൂന്ന് വർഷത്തെ ഭരണ കാലയളവിലെ നേട്ടങ്ങളുമായി ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി ആസന്നമായ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ ഭരണസമിതി കൈവരിച്ച സുപ്രധാന നേട്ടങ്ങളും നാഴികക്കല്ലുകളും ചെയർമാൻ വിശദീകരിച്ചു. നിലവിലെ ഭരണസമിതി അതിന്റെ കാലാവധി പൂർത്തിയാകുമ്പോൾ വരുന്ന വാർഷിക പൊതുയോഗത്തിനും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനും തയ്യാറെടുക്കുകയാണ്. വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഡിസംബർ 11നു നടത്താനുള്ള അനുമതിക്കായി ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഈ കാലഘട്ടത്തിലെ ഏറ്റവും അവിസ്മരണീയമായ നാഴികക്കല്ലുകളിൽ ഒന്നാണ്. ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ‘ഗുഡ്’ റേറ്റിംഗ് കൈവരിച്ചതാണ് മറ്റൊരു പ്രധാന നേട്ടം. സ്മാർട്ട് ക്ലാസ് റൂം പ്രോജക്ട് ആരംഭിച്ചതോടെ സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വലിയ ഉത്തേജനം ലഭിച്ചു. ഡി.സി പാരന്റ് ആപ്പ് വഴി സ്കൂൾ ഒരു പുതിയ തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് സൗകര്യം സൗജന്യമായി അവതരിപ്പിച്ചു.

പ്രൈമറി തലത്തിൽ ജിജ്ഞാസ, ശാസ്ത്രബോധം, പഠനത്തോടുള്ള ഇഷ്ടം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ റിഫ കാമ്പസിൽ സയൻസ് എക്സ്പ്ലോർ മുറികൾ സ്ഥാപിച്ചു. പരിസ്ഥിതി സുസ്ഥിരതയിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവയ്പിൽ കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോ കമ്പനിയുമായി സഹകരിച്ച് ഇസ ടൗൺ, റിഫ കാമ്പസുകളിൽ ഒരു സൗരോർജ്ജ പദ്ധതി വിജയകരമായി നടപ്പിലാക്കി. സ്കൂൾ കണക്ട് സംരംഭത്തിന് കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി മദ്രാസ്) യുമായുള്ള സഹകരണത്തിലൂടെ സ്കൂളിന്റെ അക്കാദമിക വ്യാപനം കൂടുതൽ ശക്തിപ്പെടുത്തി. ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ബെനിഫിറ്റ് സൗകര്യം ഉപയോഗിച്ചുള്ള ഓൺലൈൻ ഫീസ് പേയ്‌മെന്റ് സൗകര്യങ്ങൾ അവതരിപ്പിച്ചത് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദവുമാക്കി.

അക്കാദമിക് മികവ് സ്ഥാപനത്തിന്റെ മുൻഗണനകളിൽ പ്രധാനമായിരുന്നു. ആറ് സ്കൗട്ടുകളും 13 ഗൈഡുകളും അടങ്ങുന്ന 19 വിദ്യാർത്ഥികൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലൂടെ അഭിമാനകരമായ രാജ്യ പുരസ്‌കാർ അവാർഡുകളും നേടി.

നിർദ്ദിഷ്ട പ്ലാറ്റിനം ജൂബിലി കെട്ടിടത്തിനായി പൊതുയോഗത്തിന്റെ അംഗീകാരം അനുസരിച്ച്, ലെറ്റർ ഓഫ് ഇന്റന്റ് നൽകാനും പൗലൈഡ്സ് കൺസ്ട്രക്ഷൻ കമ്പനിയുമായി ഒരു നിർമ്മാണ കരാറിൽ ഏർപ്പെടാനും ഭരണ സമിതി തീരുമാനിച്ചു. 48 വർഷത്തിലേറെ പഴക്കമുള്ള ടാഗോർ കെട്ടിടത്തിന് പകരമായിരിക്കും പുതിയ പ്ലാറ്റിനം ജൂബിലി കെട്ടിടം ഉയരുക. സെക്രട്ടറി വി രാജപാണ്ട്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian school elections
Next Story