ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023; ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം
text_fieldsഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം. ഇസ ടൗണിലെ ഗ്രൗണ്ടിൽ ആരംഭിച്ച ഐ.എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ 40 ടീമുകളാണ് പങ്കെടുക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമുകൾ ലീഗ് റൗണ്ടിൽ മത്സരിക്കുന്നു. ഗ്രൂപ് എയിൽ രണ്ടു പോയന്റുമായി ഭാരതി തമിഴ് സംഘം എ ടീം മുന്നിലാണ്. ഗ്രൂപ് ബിയിൽ ഷഹീൻ ഗ്രൂപ് എ ടീമും സഹർ ഓട്ടോ പാർട്സും ഗ്രൂപ് ഡിയിൽ അസ്രി ലയൺസും രണ്ടു പോയന്റുമായി മുന്നിൽ നിൽക്കുന്നു. ഗ്രൂപ് ഇയിൽ പി.സി.ഡി മാവെറിക്സ് രണ്ടു പോയന്റുമായി മുന്നിലാണ്. ഗ്രൂപ് എഫിൽ, ഷഹീൻ ഗ്രൂപ് ബി ടീമും ജയ് കർണാടക സ്മാർട്ട് സിസിയും രണ്ടു പോയന്റുമായി ആധിപത്യം പുലർത്തുമ്പോൾ, ഗ്രൂപ് ജിയിൽ രണ്ടു പോയന്റുമായി പാക്റ്റ്-ബ്ലൂ മുന്നിലാണ്. ബാറ്റർമാരിൽ 307.69 സ്ട്രൈക്ക് റേറ്റോടെ 40 റൺസുമായി പി.സി.ഡി മാവെറിക്സിന്റെ വിവേക് സോമൻ നായരാണ് മുന്നിൽ. 27 റൺസുമായി പാക്റ്റ്-ബ്ലൂവിന്റെ ശ്യാംകുമാർ രണ്ടാമതാണ്. മൂന്ന് വിക്കറ്റുമായി റഹീം മൊയ്തീനാണ് (ഐവൈസിസി അവഞ്ചേഴ്സ്) വിക്കറ്റു വേട്ടയിൽ മുന്നിൽ. ജൂൺ 15, 16, 17 തീയതികളിൽ നടന്ന ലീഗ് റൗണ്ട് മത്സരങ്ങൾ വരും ആഴ്ചകളിലും തുടരും.
മത്സരങ്ങൾക്കു അന്തിമരൂപം നൽകാൻ ജഷൻമൽ ഓഡിറ്റോറിയത്തിൽ ക്യാപ്റ്റന്മാരുടെ യോഗം ചേർന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം -സ്പോർട്സ് രാജേഷ് എം എൻ, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവർ വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർക്കൊപ്പം പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ പൗരന്മാർക്കായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഫുട്ബാൾ, വോളിബാൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.