ബാബു കേവൽറാമിന്റെ സംഭാവനകളെ സ്മരിച്ച് ഇന്ത്യൻ സ്കൂൾ
text_fieldsഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബാബു കേവൽറാം
മനാമ: പ്രമുഖ വ്യവസായ സ്ഥാപനമായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ അനുശോചിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എപ്പോഴും നന്ദിയോടെ സ്മരിക്കപ്പെടും. ഇന്ത്യൻ സ്കൂളിനോടുള്ള തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ച അദ്ദേഹം സ്കൂളിന്റെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.
2025 ജനുവരി 23ന് നടന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം സന്നിഹിതനായിരുന്നുവെന്നത് സ്കൂളിന്റെ അക്കാദമിക മികവിനും സാംസ്കാരിക വൈവിധ്യത്തിനും അദ്ദേഹം നൽകിയ പിന്തുണക്ക് അടിവരയിടുന്നു. ഒരു വിശിഷ്ട വ്യക്തിയും മനുഷ്യസ്നേഹിയും എന്ന നിലയിൽ, രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ പിന്തുണക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബാബു കേവൽറാം ഒരു പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം, മഹാമനസ്കത, ദീർഘവീക്ഷണം എന്നിവ ഇന്ത്യൻ സ്കൂളിലും വിശാലമായ സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ സാന്നിധ്യവും മാർഗനിർദേശവും വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ വേളയിൽ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഇന്ത്യൻ സ്കൂൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ബാബു കേവൽറാമിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

