ഇന്ത്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചെസ് ചാമ്പ്യൻഷിപ് ജൂൺ 19, 20 തീയതികളിൽ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈൻ ചെസ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ അർജുൻസ് ചെസ് അക്കാദമിയുമായി (എ.സി.എ) സഹകരിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്, വിദ്യാഭ്യാസ മികവിനുള്ള ഇന്ത്യൻ സ്കൂളിന്റെ 75 വർഷത്തെ പ്രതിബദ്ധതയെ ആദരിക്കും.
ജൂൺ 19ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരുക്കുന്ന സൗജന്യ ചെസ് ശിൽപശാലയോടെ പരിപാടി ആരംഭിക്കും. വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ നടക്കുന്ന ശിൽപശാല അർജുൻസ് ചെസ് അക്കാദമിയിലെ വിദഗ്ധ പരിശീലകർ നയിക്കും. ജൂൺ 20ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഇന്റർസ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ് ആരംഭിക്കും. 12നും 19നും താഴെ പ്രായമുള്ളവർക്ക് രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. നാലംഗ ടീമുകളെ ഉൾപ്പെടുത്തി സ്കൂളുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഈയിനത്തിൽ പ്രവേശന ഫീസ് ഇല്ല. എല്ലാ മത്സരങ്ങളും സ്വിസ് ലീഗ് ഫോർമാറ്റ് ഉപയോഗിച്ച് ഫിഡെ റാപ്പിഡ് നിയമങ്ങൾ പാലിച്ചായിരിക്കും. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ടീമുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
അന്ന് മൂന്നു മണിക്ക് ഓപൺ റാപ്പിഡ് ചെസ് മത്സരം ആരംഭിക്കും. എല്ലാ പ്രായത്തിലുമുള്ള ചെസ് കളിക്കാർക്കായി ഈ വിഭാഗത്തിൽ ഏഴ് റൗണ്ടുകൾ ഉണ്ടായിരിക്കും. ഓരോ നീക്കത്തിനും 10 മിനിറ്റും മൂന്നു സെക്കൻഡും സമയ നിയന്ത്രണമുണ്ട്. ഓപൺ റാപ്പിഡ് ചെസിന് ഓരോ കളിക്കാരനും രണ്ടു ദീനാർ പ്രവേശന ഫീസ് നൽകണം. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങൾ നൽകും. മികച്ച 10 കളിക്കാർക്ക് അംഗീകാരം ലഭിക്കും. എല്ലാ റൗണ്ടുകളും ഫിഡെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും നടത്തുക. മത്സര രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 18 ആണെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും എച്ച്.എസ്.എസ്.ഇ ആൻഡ് സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്.
നടരാജൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3319 0004 എന്ന നമ്പറിൽ ചീഫ് ആർബിട്രേറ്റർ അർജുൻ കക്കാടത്തിനെയോ, 3698 0111 എന്ന നമ്പറിൽ ജനറൽ കൺവീനർ അനോജ് മാത്യുവിനെയോ അല്ലെങ്കിൽ കോ ഓഡിനേറ്റർ മുഹമ്മദ് ഫൈസലിനെ 3239 6434 എന്ന നമ്പറിലോ ബന്ധപ്പെടണം. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത ക്യു.ആർ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

