ഇന്ത്യൻ സ്കൂൾ അറബിഭാഷാദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ അറബിഭാഷാ ദിനാഘോഷത്തിൽ നിന്ന്
മനാമ: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അറബിഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർഥികൾക്കായി വിദ്യാഭ്യാസപരവും സാംസ്കാരികവുമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അറബിക് വകുപ്പിന്റെ കീഴിൽ അറബി ഭാഷാപരവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിതാപാരായണം, ഉപന്യാസ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാനാധ്യാപിക ശ്രീകല ആർ, സലോണ പയസ്, വകുപ്പ് മേധാവി സഫ അബ്ദുല്ല ഖംബർ, അറബി അധ്യാപകർ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
ഫാത്തിമ സൈനബ് വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. അറബിഭാഷയുടെ ശ്രദ്ധേയമായ വൈവിധ്യം, വിവിധ സാംസ്കാരിക ആവിഷ്കാരരൂപങ്ങളുമായുള്ള ബന്ധം, ആശയവിനിമയവും സംഭാഷണവും വളർത്തുന്നതിൽ വഹിക്കുന്ന പങ്ക് എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുത്തി. ദൈനംദിന ആശയവിനിമയത്തിൽ അറബിയുടെ ഉപയോഗം, കലാപാരമ്പര്യങ്ങൾ, കാലിഗ്രാഫി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ ആഘോഷങ്ങൾക്ക് മിഴിവേറ്റി. വിവിധ ഗ്രേഡ് തലങ്ങളിൽ അറബിഭാഷാ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വകുപ്പ് മേധാവി സഫ അബ്ദുല്ല എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

