ബി.സി.എഫ്. ഇന്റർ സ്‌കൂൾ കപ്പ് 2025 കിരീടം നേടി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ
text_fieldsകിരീടം നേടിയ ഇന്ത്യൻ സ്കൂൾ ടീം
മനാമ: ആവേശം നിറഞ്ഞ ബി.സി.എഫ്. ഇന്റർ സ്‌കൂൾ കപ്പ് ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിനെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ കിരീടം സ്വന്തമാക്കി. വെള്ളിയാഴ്ച രാവിലെ നടന്ന ഫൈനൽ മത്സരത്തിൽ, ക്യാപ്റ്റൻ മലയാളി താരം ബാസിൽ അബ്ദുൾ ഹക്കീമിന്റെ തകർപ്പൻ സെഞ്ചുറിയിലാണ് ഇന്ത്യൻ സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത്. 176 റൺസ് വിജയലക്ഷ്യം നാല് ഓവർ ബാക്കിനിൽക്കെ ഇന്ത്യൻ സ്കൂൾ മറികടന്നു.
റണ്ണേഴ്സ് അപ്പ് ആയ ന്യൂ മില്ലേനിയം സ്കൂൾ ടീം
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എൻ.എം.എസ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 മികച്ച സ്കോർ നേടി. ക്യാപ്റ്റൻ സായി വഡ്ഡിരാജു 68 പന്തിൽ പുറത്താവാതെ 105 റൺസ് നേടിയാണ് എൻ.എം.എസിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ശുഭം സുബോധ് ലേലെ (44) യുമായി ചേർന്ന് 142 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും സായി പടുത്തുയർത്തി. എന്നാൽ, 4 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത ബാസിലിന്റെയും മൂന്ന് ഓവറിൽ 19 റൺസും ഒരു വിക്കറ്റും നേടിയ അയാൻ ഖാന്റെയും ബാളിങ് പ്രകടനമാണ് എൻ.എം.എസിനെ വലിയ ടോട്ടലിലേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞത്.
സെഞ്ചുറി തിളക്കത്തിൽ ബാസിൽ
മറുപടി ബാറ്റിംഗിനിറങ്ങിയ ഐ.എസ്.ബി മികച്ച തുടക്കമാണ് കാഴ്ച വെച്ചത്. വെറും 15.4 ഓവറിലാണ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയം സ്വന്തമാക്കിയത്. 48 പന്തിൽ 9 ഫോറുകളും 5 സിക്സറുകളും സഹിതം 212.50 സ്ട്രൈക്ക് റേറ്റിൽ 102 റൺസ് നേടിയ ബാസിലാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. പ്ലെയർ ഓഫ് ദ ഫൈനൽ പുരസ്കാരവും ബാസിലിനായിരുന്നു. 395 റൺസുമായി സായി വഡ്ഡിരാജു പ്ലെയർ ഓഫ് ദ സീരീസ്, മികച്ച ബാറ്റർ എന്നീ ബഹുമതികൾ നേടി. 6 വിക്കറ്റുകൾ നേടിയ സുനീഷ് മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.
അവാർഡ് ദാന ചടങ്ങിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ ടീമുകളെ അഭിനന്ദിച്ചു. യുവജനങ്ങളുടെ വികസനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിജയം യാത്രയുടെ ഒരു ഭാഗം മാത്രമാണെന്നും, കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്കൂൾ ടൂർണമെന്റുകളെ വലിയ കായിക മേളകളാക്കി മാറ്റുമെന്നും, വനിതാ ക്രിക്കറ്റിന് പ്രാധാന്യം നൽകി പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സാമി അലി, ഐ.എസ്.ബി സ്പോർട്സ് ഇ.സി. അംഗം ഡോ. ഫൈസൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

