ഇന്ത്യൻ സ്കൂൾ 12ാം ക്ലാസ് വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ 12ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി വർണശബളമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. 11ാം ക്ലാസിലെ വിദ്യാർഥികളാണ് സീനിയർ വിദ്യാർഥികൾക്ക് യാത്രയയപ്പു നൽകിയത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, പ്രധാനാധ്യാപകർ, മറ്റു ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. മികച്ച വിജയം നേടുന്നതിനും സമൂഹത്തിൽ ഉത്തരവാദിത്തമുള്ള ചുമതലകൾ ഏറ്റെടുക്കുന്നതിനും വിദ്യാർഥികൾക്ക് കഴിയട്ടെയെന്നു പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ആശംസിച്ചു.
വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുടെയും സത്യസന്ധതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഹെഡ് ടീച്ചർ റെജി വർഗീസ് പറഞ്ഞു. ഹെഡ് ബോയ് ആദർശ് അഭിലാഷ്, ഹെഡ് ഗേൾ വിഘ്നേശ്വരി നടരാജൻ എന്നിവർ സംസാരിച്ചു. ദേശീയ ഗാനം, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അസി. ഹെഡ് ബോയ് അയാൻ മുഹമ്മദ് ഇബ്രാഹീം, അസി.ഹെഡ് ഗേൾ ശ്രീലക്ഷ്മി മനോജ് എന്നിവർ സ്വാഗതം പറഞ്ഞു.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി നൃത്തവും സംഗീത മേളയും അരങ്ങേറി. റാമ്പ് വാക്ക്, ഗെയിമുകൾ, പാട്ടുകൾ, ബാൻഡ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിദ്യാർഥികൾക്ക് മികച്ച വിജയം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

