ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; കുതിച്ചുകയറി ബഹ്റൈൻ ദീനാർ
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയനിരക്കിൽ കുതിച്ചുകയറി ബഹ്റൈൻ ദീനാർ.വെള്ളിയാഴ്ച എക്സി റിപ്പോർട്ട് പ്രകാരം 233.80ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ബഹ്റൈൻ ദീനാറിന് രേഖപ്പെടുത്തിയത്. എതാനും ദിവസങ്ങളായി ദീനാർ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നത് കയറ്റുമതിമേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയെ വലച്ചു.
ഇതോടെ വെള്ളിയാഴ്ച ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 88ന് താഴെയെത്തി. രൂപയുടെ തളർച്ച കുവൈത്ത് ദീനാർ ഉൾപ്പെടെയുള്ള ജി.സി.സി കറൻസികളുടെ വിനിമയനിരക്ക് ഉയർത്തി. ബഹ്റൈൻ ദീനാറിന് പുറമെ യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് കറൻസികൾ ഉയർന്ന വിനിമയനിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയനിരക്ക് ഉയരുന്നത് പ്രവാസികൾക്ക് നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

