ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾ ഇനി എംബസിയിൽ
text_fieldsമനാമ: ദാന മാളിൽ പ്രവർത്തിച്ചിരുന്ന ഐ.വി.എസ് ഗ്ലോബൽ സർവിസസിൽ നൽകിവരുന്ന എല്ലാ കോൺസുലാർ സേവനങ്ങളും ജൂലൈ ഒന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
മനാമയിലെ അൽ സീഫിലുള്ള ഇന്ത്യൻ എംബസിയിലാണ് കോൺസുലാർ സേവനങ്ങൾക്കായി ഇനി സന്ദർശിക്കേണ്ടത്.പാസ്പോർട്ട്, വിസയടക്കം എല്ലാ കോൺസുലാർ സേവനങ്ങളും എംബസിയിൽനിന്ന് നേരിട്ട് ലഭ്യമാകും. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ലഭ്യമാക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തന സമയം. എന്നാൽ, പൊതുഅവധി ദിവസങ്ങളിൽ കോൺസുലാർ സേവനങ്ങൾ ലഭിക്കുകയില്ല. രേഖകൾ കൈപ്പറ്റാനായുള്ള സമയം വൈകുന്നേരം അഞ്ചു മുതൽ 5:45 വരെയാണ്. അതിന് അപ്പോയിന്റ്മെന്റിന്റെ ആവശ്യമില്ല.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- അപേക്ഷകർ ‘EoIBHConnect’ എന്ന ആപ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ആൻഡ്രോയിഡിലും ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് മാത്രമാണ് വാക്ക്-ഇൻ ആയി പ്രവേശനം അനുവദിക്കുക.
- അപേക്ഷകർ ശരിയായി പൂരിപ്പിച്ച അപേക്ഷ ഫോറവും എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.eoibahrain.gov.in) വ്യക്തമാക്കിയ എല്ലാ രേഖകളും കൈവശം കരുതണം.
- പണമായി മാത്രമാണ് പേമെന്റുകൾ സ്വീകരിക്കുക. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫീസ് ചാർട്ട് അനുസരിച്ച് കൃത്യമായ തുക കൊണ്ടുവരാൻ അപേക്ഷകർ ശ്രദ്ധിക്കണം.
- .പാസ്പോർട്ടുകളും മറ്റ് പ്രോസസ് ചെയ്ത രേഖകളും ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനും 5:45 നും ഇടയിൽ മാത്രമെ നൽകുകയുള്ളൂ. പൊതുഅവധി ദിവസങ്ങളിൽ ഈ സേവനം ലഭിക്കുകയില്ല. രേഖകൾ കൈപ്പറ്റാൻ മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റ് ആവശ്യമില്ല.
കൂടുതൽ അന്വേഷണങ്ങൾക്കും സഹായത്തിനും അപേക്ഷകർക്ക് കോൺസുലാർ ടീമുമായി ബന്ധപ്പെടാം. ഫോൺ: +973-17560360.
പാസ്പോർട്ട്/മറ്റ് സേവനങ്ങൾക്കായി: cons.bahrain@mea.gov.in. വിസ, ഒ.സി.ഐ, അറ്റസ്റ്റേഷൻ എന്നിവക്കായി cons2.bahrain@mea.gov.in ഇ-മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

