വികലാംഗനായ രോഗിയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഇന്ത്യൻ നഴ്സ് വിചാരണ നേരിടുന്നു
text_fieldsമനാമ: ശാരീരിക അവശതകളുള്ള സ്വദേശി പൗരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 25,000 ദീനാറിലധികം തട്ടിയെടുത്ത കേസിൽ ഇന്ത്യൻ നഴ്സ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. രോഗിയുടെ ഫോൺ കൈക്കലാക്കി ബാങ്കിങ് ആപ്പ് വഴിയാണ് ഇവർ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.
രോഗിയുടെ മൊബൈൽ ഫോണിലെ ബെനഫിറ്റ് ആപ്പ് ഉപയോഗിച്ചാണ് നഴ്സ് പണം കൈക്കലാക്കിയത്. ആകെ 25,750 ദീനാറാണ് ഇവർ തട്ടിയെടുത്തത്. ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഉടൻ തന്നെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പിതാവിന്റെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പണം കൈമാറ്റം ചെയ്യപ്പെട്ടത് പിതാവിനെ പരിചരിച്ചിരുന്ന നഴ്സിന്റെ അക്കൗണ്ടിലേക്കാണെന്ന് അദ്ദേഹം കണ്ടെത്തി. തട്ടിപ്പ് ബോധ്യപ്പെട്ടതിനെത്തുടർന്ന് നഴ്സ് 3,500 ദീനാർ തിരികെ നൽകിയെങ്കിലും ബാക്കി തുക നൽകാൻ തയാറാകാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
രോഗിയുടെ ഫോൺ അനുവാദമില്ലാതെ എടുത്തതായും പണം പല ഘട്ടങ്ങളായി തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും പ്രതി പ്രോസിക്യൂഷനോട് സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണം നഴ്സിന്റേതാണെന്ന് ബെനഫിറ്റ് പേ നൽകിയ റിപ്പോർട്ടിലും വ്യക്തമാണ്. കേസിൽ പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കോടതി നടപടികൾ ഫെബ്രുവരി 10ലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

