പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
text_fieldsമനാമ: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രവാസികളിൽനിന്ന് പണം തട്ടിയ 23 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ബഹ്റൈനിലെ ഒരു മൊബൈൽ കടയിലെ ജീവനക്കാരനായ പ്രതിക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ കേസ് നടക്കുകയാണ്. സി.ഐ.ഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കി ഇയാൾ പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും (എൽ.എം.ആർ.എ) അംഗമാണെന്ന് വിശ്വസിപ്പിക്കാനാണ് ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചത്. വ്യാജരേഖ ചമക്കൽ, വ്യാജരേഖ ഉപയോഗിക്കൽ, പണം തട്ടാൻ ശ്രമിക്കൽ, സിവിൽ സർവിസ് ചുമതലകളിൽ അനധികൃതമായി ഇടപെടൽ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തട്ടിപ്പിനിരയായ ഒരു തൊഴിൽരഹിതനായ ഇന്ത്യൻ പൗരൻ നൽകിയ മൊഴിയിങ്ങനെ: കഴിഞ്ഞ ജൂലൈയിൽ പ്രതി സാധാരണ വേഷത്തിൽ അടുക്കൽ വന്ന് ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഐഡി കാണിച്ചു. ശേഷം എന്റെ താമസരേഖകൾ സാധുതയുള്ളതാണോ എന്ന് ചോദിച്ചു. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതാണെന്ന് പറഞ്ഞപ്പോൾ, 200 ദീനാർ പിഴയായി നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ പിന്നീട് വന്ന് വാങ്ങാമെന്ന് പറഞ്ഞ് ഇയാൾ മടങ്ങുകയായിരുന്നു.
വിശ്വസനീയമായ രഹസ്യവിവരങ്ങളെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗുദൈബിയയിലെ ഒരു മൊബൈൽ കടക്ക് പുറത്തുവെച്ച് പ്രതിയെ കുടുക്കാൻ കെണിയൊരുക്കുകയായിരുന്നു പൊലീസ്. പൊലീസിനെ കണ്ടപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും കൈയിലുണ്ടായിരുന്ന വ്യാജ ഐഡി കാർഡുകൾ വലിച്ചെറിയുകയും ചെയ്തു.
ഇയാൾ ഏഷ്യൻ പ്രവാസി സമൂഹത്തിൽപെട്ടവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പൊലീസ് ഐഡി കാർഡ് കാണിച്ച ശേഷം വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യും. പണം നൽകിയില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്നുപേർ ഇയാളുടെ തട്ടിപ്പിനിരയായെങ്കിലും ഭയം കാരണം ആരും പരാതി നൽകിയിരുന്നില്ല. പ്രോസിക്യൂഷൻ സി.ഐ.ഡിക്കും എൽ.എം.ആർ.എക്കും കൈമാറിയ പ്രതി ഉപയോഗിച്ച കാർഡുകളുടെ പകർപ്പ് വ്യാജമാണെന്ന് ഇരുവിഭാഗവും ഔദ്യോഗികമായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

