ഇന്ത്യൻ എംബസി സീനിയേഴ്സും ഐ.എസ്.ബി ജൂനിയേഴ്സും ജേതാക്കൾ
text_fieldsഐ.എസ്.ബി ജൂനിയേഴ്സ് ടീം അംബാസഡർ പിയൂഷ് ശ്രീവാസ്തവക്കൊപ്പം, ഇന്ത്യൻ എംബസി സീനിയേഴ്സ് ടീം അംബാസഡർ പിയൂഷ് ശ്രീവാസ്തവക്കൊപ്പം
മനാമ: ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രദർശന മത്സരങ്ങളിൽ ഇന്ത്യൻ എംബസി സീനിയേഴ്സ് ടീമും ഐ.എസ്.ബി ജൂനിയേഴ്സ് ടീമും ജേതാക്കളായി. ആദ്യ മത്സരത്തിൽ ഇന്ത്യൻ എംബസി സീനിയേഴ്സ് ടീം 35 റൺസിന് ഐ.എസ്.ബി സീനിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംബസി സീനിയേഴ്സ് ടീം എട്ട് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന ഐ.എസ്.ബി സീനിയർ ടീമിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിൽ ഐ.എസ്.ബി ജൂനിയേഴ്സ് ടീം ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. എംബസി ജൂനിയേഴ്സ് ടീം ഉയർത്തിയ 38/7 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഐ.എസ്.ബി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 39 റൺസെടുത്തു ജേതാക്കളായി.
ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എംഎൻ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയാസ് ഉല്ല, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, ബി.സി.എഫ് സെക്രട്ടറി ജനറൽ അനൂപ് കേവൽറാം, കമ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പി.എം, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവരും വൈസ് പ്രിൻസിപ്പൽമാരും രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇത്തരം കായിക പരിപാടികൾക്ക് ശക്തമായ സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കാനും കഴിയുമെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ സ്വാഗതം പറഞ്ഞു. രാജേഷ് എം.എൻ വിവിധ ടൂർണമെന്റുകളുടെ കൺവീനർമാരെ പരിചയപ്പെടുത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും സീനിയർ ടീം ക്യാപ്റ്റനുമായ രവികുമാർ ജെയിൻ ട്രോഫി ഏറ്റുവാങ്ങി. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. വരും ആഴ്ചകളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി 32 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്ബാൾ, വോളിബാൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

