എൽ.എം.ആർ.എ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അംബാസഡർ
text_fieldsമനാമ: െഫ്ലക്സി വിസ സംവിധാനത്തിനു പകരമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആവിഷ്കരിച്ച പുതിയ സംവിധാനത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആഹ്വാനംചെയ്തു. എംബസിയിൽ സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിന് കൊണ്ടുവരുന്ന പുതിയ സംവിധാനത്തിന്റെ സവിശേഷതകൾ അംബാസഡർ വിവരിച്ചു.
അനധികൃതമായോ വിസിറ്റ് വിസയിൽ വന്നോ ജോലി ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ഓപൺ ഹൗസിൽ എംബസിയുടെ കോൺസുലാർ ടീമും അഭിഭാഷക സംഘവും പങ്കെടുത്തു. പ്രവാസി സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപൺ ഹൗസിന് തുടക്കംകുറിച്ചത്. ഒക്ടോബറിൽ നടന്ന വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു.
50ഓളം പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പ്രശ്നങ്ങൾ ഓപൺ ഹൗസിൽ അവതരിപ്പിച്ചു. നാഗരാജു, സെൽവനായകി തുടങ്ങി നിരവധി പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ച എൽ.എം.ആർ.എ ഉൾപ്പെടെയുള്ള സർക്കാർ അതോറിറ്റികൾക്കും സൽമാനിയ ഹോസ്പിറ്റലിനും കമ്യൂണിറ്റി അസോസിയേഷനുകൾക്കും അദ്ദേഹം നന്ദിയറിയിച്ചു. എല്ലാവരെയും തിരികെ ഇന്ത്യയിൽ എത്തിക്കാനും സാധിച്ചു. ഓപൺ ഹൗസിന്റെ പരിഗണനക്കു വന്ന വിവിധ പരാതികളിൽ പരിഹാരം കാണുകയും ചെയ്തു.
സജീവമായി പങ്കെടുത്ത ഐ.സി.ആർ.എഫ്, ഭാരതി അസോസിയേഷൻ, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ടി.കെ.എസ്, കെ.എം.സി.സി എന്നിവരെ അംബാസഡർ അഭിനന്ദിച്ചു.
എന്തെങ്കിലും പ്രശ്നം നേരിട്ടാൽ 39418071 എന്ന നമ്പറിലും cons.bahrain@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.