പരിഹാര നിർദേശങ്ങൾ നൽകി ഇന്ത്യൻ എംബസി ഓപൺ ഹൗസ്
text_fieldsഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസിൽനിന്ന്
മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും പാനൽ അഭിഭാഷകരും പങ്കെടുത്തു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 70ലധികം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എംബസി സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
ഇ-ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമെയിൻസ് (ഇ.സി.എ.ആർ) പോർട്ടലിനെക്കുറിച്ച് ഓപൺഹൗസിൽ വിശദീകരിച്ചു. മൃതശരീരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൊതുജനാരോഗ്യ ക്ലിയറൻസ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നതാണ് പോർട്ടലിന്റെ ലക്ഷ്യം (https://ecare.mohfw.gov.in/). സൽമാനിയ ആശുപത്രിയിൽ ദീർഘനാളായി ക്ഷയരോഗം ബാധിച്ച് ചികിത്സയിലായിരുന്നയാളെ എംബസി ഇടപെട്ട് ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പിന്തുണയോടെ ആഗസ്റ്റ് 23ന് നാട്ടിലേക്ക് തിരിച്ചയച്ചു.
കഴിഞ്ഞ ഓപൺ ഹൗസിൽ പങ്കെടുത്ത 21 തൊഴിലാളികളിൽ, 19 തൊഴിലാളികൾക്ക് ശമ്പളകുടിശ്ശിക ലഭ്യമാക്കി തിരിച്ചയച്ചു. ശേഷിക്കുന്ന രണ്ട് തൊഴിലാളികൾ ഉടൻ തിരികെപ്പോകും. പ്രശ്നപരിഹാരത്തിന് സമയോചിതമായി സഹായിച്ച തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അംബാസഡർ നന്ദി രേഖപ്പെടുത്തി. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാര്ക്ക് താമസസൗകര്യവും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഐ.സി.ഡബ്ല്യു.എഫിലൂടെ എംബസി നല്‍കിയിട്ടുണ്ട്. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയുംവേഗം ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

