ഓപൺഹൗസ് സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി
text_fieldsകഴിഞ്ഞദിവസം ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ഓപൺഹൗസിൽ നിന്ന്
മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപൺഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നാൽപതിലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ആശയവിനിമയം നടത്താൻ സൗകര്യമുണ്ടായിരുന്നു. എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ, കോൺസുലാർ ടീമുകളും പാനൽ അഭിഭാഷകരും സന്നിഹിതരായിരുന്നു.
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ ഇനി മുതൽ ബഹ്റൈൻ മാളിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ വഴി ലഭ്യമാകുമെന്ന് അംബാസഡർ അറിയിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ ഫീസിന് പുറമെ 180 ഫിൽസ് മാത്രമായിരിക്കും സേവനനിരക്ക്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ കോപ്പി, ഫോട്ടോ എടുക്കൽ, എസ്.എം.എസ്, കൊറിയർ തുടങ്ങിയ സൗകര്യങ്ങൾ അപേക്ഷകർക്ക് അധിക ചാർജ് ഈടാക്കാതെ ലഭിക്കും.
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തിൽ ആഗസ്റ്റ് 15ന് എംബസി പരിസരത്ത് രാവിലെ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പൗരന്മാരെ അംബാസഡർ ക്ഷണിച്ചു. വിവിധ കാരണങ്ങളാൽ ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് എംബസി നൽകിയ സഹായം അംബാസഡർ വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട ഒരു സ്ട്രെച്ചർ രോഗിയുടെ യാത്രാചെലവും കൂടാതെ, ദീർഘകാലം ബഹ്റൈനിൽ കുടുങ്ങിയ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിമാന ടിക്കറ്റുകളും യാത്രാരേഖകളും എംബസി ലഭ്യമാക്കി.
കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും ഇതിനകം പരിഹരിച്ചതായും എംബസി അറിയിച്ചു. കോൺസുലാർ, കമ്യൂണിറ്റി ക്ഷേമ വിഷയങ്ങളിൽ കൃത്യസമയത്ത് സഹായം നൽകിയതിന് ബഹ്റൈൻ സർക്കാറിന്റെ, പ്രത്യേകിച്ച് തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഇമിഗ്രേഷൻ അധികൃതർ എന്നിവരുടെ സഹകരണത്തിന് അംബാസഡർ നന്ദി പറഞ്ഞു.
ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിനും ചർച്ച ചെയ്ത കേസുകൾ അവലോകനം ചെയ്യുന്നതിൽ തുടർച്ചയായി പിന്തുണ നൽകിയതിനും എംബസിയുടെ പാനൽ അഭിഭാഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, വർഷം മുഴുവൻ പ്രയാസത്തിലായ ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്നതിൽ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രതിബദ്ധതയെയും അംബാസഡർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

