ബഹ്റൈനിലെ ഇന്ത്യൻ ഇ-പാസ്പോർട്ട്; അപേക്ഷ നൽകേണ്ട രീതി
text_fieldsമനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ പ്രോഗ്രാം 2.0ന്റെ ഭാഗമായി അവതരിപ്പിച്ച ഇ-പാസ്പോർട്ട് അഥവാ ഡിജിറ്റൽ പാസ്പോർട്ട്, സുരക്ഷയിലും സാങ്കേതികവിദ്യയിലും ഒരു വലിയ മുന്നേറ്റമാണ്. മുൻ കവറിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ വിരലടയാളം, മുഖചിത്രം, മറ്റ് ബയോമെട്രിക് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ സുരക്ഷിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ-ഗേറ്റ് സംവിധാനം വഴി എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നേരത്തെ ഇന്ത്യയിലും ചില സ്ഥലങ്ങളിലും മാത്രം ലഭ്യമായിരുന്ന ഇ-പാസ്പോർട്ട് ഇപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾ/കോൺസുലേറ്റുകൾ മുഖേന ലഭ്യമാണ്. ബഹ്റൈനിലും നിലവിൽ ഇ-പാസ്പോർട്ട് നൽകിത്തുടങ്ങിയിട്ടുണ്ട്. ബഹ്റൈനിലുള്ള ഇന്ത്യൻ പൗരന്മാർ പുതിയ പാസ്പോർട്ടിനോ മറ്റ് പാസ്പോർട്ട് സേവനങ്ങൾക്കോ അപേക്ഷിക്കുന്നതിനായി പാലിക്കേണ്ട ഘട്ടംഘട്ടമായുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കിയിരിക്കയാണ് അധികൃതർ. ഓൺലൈൻ അപേക്ഷ സമർപ്പണം മുതൽ പാസ്പോർട്ട് കൈപ്പറ്റുന്നത് വരെയുള്ള കാര്യങ്ങൾ ശ്രദ്ധാപൂർവം ചെയ്യേണ്ടതുണ്ടെന്നാണ് സാമൂഹികപ്രവർത്തകനായ ഫസലുൽ ഹഖ് പറയുന്നത്.
1. ഓൺലൈൻ അപേക്ഷയും അക്കൗണ്ട്
സൃഷ്ടിക്കലും
ആദ്യം mportal.passportindia.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം ആദ്യമായി ഉപയോഗിക്കുന്നവർ 'Register' ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം ലോഗിൻ ചെയ്യുക. ഇതോടെ നിങ്ങൾക്ക് ഒരു അക്കൗണ്ട് ലഭിക്കും.
2. അപേക്ഷ ഫോറം പൂരിപ്പിക്കൽ
ലോഗിൻ ചെയ്ത ശേഷം 'New Application' ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമായ ശരിയായ സേവനം തിരഞ്ഞെടുക്കുക (New / Reissue / Lost / Minor / etc). തുടർന്ന് വ്യക്തിഗത വിവരങ്ങൾ, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ (മൈനർമാർക്ക്), അടിയന്തരമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ, കേസ് വിവരങ്ങൾ (നഷ്ടപ്പെട്ട പാസ്പോർട്ട് / കേടുപാടുകൾ / ഇസി തുടങ്ങിയവ) ഉൾപ്പെടെ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. വിവരങ്ങളെല്ലാം സത്യസന്ധമായിരിക്കണം. പൊലീസ്/കോടതി കേസുകൾ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം. നൽകുന്ന വിവരങ്ങൾക്ക് അപേക്ഷകൻ ഉത്തരവാദിയായിരിക്കും.
3. ഫോട്ടോയും രേഖകളും അപ്ലോഡ് ചെയ്യൽ
ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന പാസ്പോർട്ട് ഫോട്ടോ (വെള്ള ബാക്ക്ഗ്രൗണ്ട്, വ്യക്തമായ മുഖം, കണ്ണട പാടില്ല, കടും നിറമുള്ള വസ്ത്രം) നിർബന്ധമായും അപ് ലോഡ് ചെയ്യണം. ആവശ്യപ്പെടുകയാണെങ്കിൽ ഡിജിറ്റൽ ഒപ്പ് നൽകണം. ഐഡി, വിലാസം തെളിയിക്കുന്ന രേഖ, മൈനർമാർക്ക് ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയവ അപ് ലോഡ് ചെയ്യണം. ഇത്തരത്തിൽ നേരത്തെ അപ് ലോഡ് ചെയ്യുന്നതിലൂടെ കേന്ദ്രത്തിലെ സമയം ലാഭിക്കാനും കാത്തിരിപ്പ് കുറക്കാനും രേഖകളിലെ പിശകുകൾ ഒഴിവാക്കാനും സഹായിക്കും.
4. പ്രിന്റ് സൂക്ഷിക്കണം
എല്ലാം അപ് ലോഡ് ചെയ്ത ശേഷം സബ്മിറ്റ് നൽകി ബാർകോഡ് സഹിതമുള്ള ഫൈനൽ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക. ഈ പ്രിൻറൗട്ട് നിർബന്ധമായും അപ്പോയിൻമെൻറ് സമയത്ത് കൊണ്ടുവരണം.
5. അപ്പോയിൻമെൻറ് ബുക്കിങ്
അപേക്ഷ സമർപ്പിച്ച ശേഷം, സന്ദർശിക്കാനുള്ള സമയം ബുക്ക് ചെയ്യുക. ഐ.സി.എ.സി ബഹ്റൈൻ മാൾ ഒപ്ഷൻ തിരഞ്ഞെടുത്ത് തീയതിയും സമയവും തീരുമാനിക്കുക. എംബസി അംഗീകരിച്ച അടിയന്തര കേസുകളിലൊഴികെ, ബുക്ക് ചെയ്ത സമയത്ത് മാത്രം ഹാജരാകുക. ശേഷം നിങ്ങൾക്ക് അപ്പോയിൻമെന്റ് ലഭിക്കും.
6. ബഹ്റൈൻ മാളിലെ ഐ.സി.എ.സി സെന്റർ
സന്ദർശിക്കുക
അപ്പോയിൻമെന്റ് ലഭിച്ച ശേഷം ബഹ്റൈൻ മാളിലെ ഐ.സി.എ.സി സെന്റർ സന്ദർശിക്കണം. കൂടെ ബാർകോഡുള്ള അന്തിമ അപേക്ഷയുടെ പ്രിൻറൗട്ട്, എല്ലാ ഒറിജിനൽ രേഖകളും, അപ്പോയിൻമെൻറ് സ്ഥിരീകരണ പകർപ്പ്, നൽകാനുള്ള പണം എന്നിവ കൈവശം വെക്കണം.
തുടർന്ന് കേന്ദ്രത്തിൽ നിന്ന് നിങ്ങളുടെ ഐഡൻറിറ്റിയും രേഖകളും പരിശോധിക്കും. ഓൺലൈൻ ഫോമിലെ വിവരങ്ങൾ അവലോകനം ചെയ്യും. ചെറിയ തിരുത്തലുകൾ ജീവനക്കാർക്ക് സിസ്റ്റത്തിൽ വരുത്താൻ സാധിക്കും. അപേക്ഷകൻ അന്തിമ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെടും. തുടർന്ന് ഫീസും ഈടാക്കും. അതിനുശേഷം നിങ്ങളുടെ ഫയൽ ഔദ്യോഗികമായി സ്വീകരിക്കും.
7. പാസ്പോർട്ട് കൈപ്പറ്റൽ
അപേക്ഷ അതേദിവസംതന്നെ എല്ലാ ഫോമുകളും ഒപ്പുകളും പേമെൻറ് രേഖകളും സഹിതം എംബസി/കോൺസുലേറ്റിലേക്ക് അയക്കും. പി.എസ്.പി 2.0 പ്രകാരം ചിപ്പ് ഉള്ള ഇ-പാസ്പോർട്ട് എംബസി പ്രോസസ് ചെയ്യും. തുടർന്ന് പാസ്പോർട്ട്/രേഖ തയാറാകുമ്പോൾ, "Ready for collection" എന്ന മെസേജ് നിങ്ങൾക്ക് ലഭിക്കും. പാസ്പോർട്ട് കൈപ്പറ്റാൻ ഐഡി കാർഡും നേരത്തെ അപേക്ഷ നൽകിയപ്പോൾ ലഭിച്ച രസീതും കാണിക്കുക. പാസ്പോർട്ട് കൈപ്പറ്റി ഒപ്പിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

