സേവന കാലാവധി പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്
text_fieldsവിനോദ് കെ. ജേക്കബ്, ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത്
മനാമ: ഔദ്യോഗിക കൃത്യനിർവഹണത്തിന് ശേഷം ബഹ്റൈനോട് വിടപറഞ്ഞ് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. പുതിയ ചുമതലകൾക്കായി അദ്ദേഹം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലേക്ക് തിരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനകാലയളവിൽ വിവിധ വിഷയങ്ങളിൽ ഇടപെട്ടും പരിഹാരം കണ്ടെത്തിയും ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ കൂടെ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്രബന്ധവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രിയടക്കം നിരവധി മന്ത്രിമാരുടെ ബഹ്റൈൻ പര്യടനത്തിനും കൂടിക്കാഴ്ചകൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മറ്റ് മന്ത്രിമാർ വിശിഷ്ട വ്യക്തികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾക്കും സഹകരണത്തിനും പ്രവാസി സമൂഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ന്യൂഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ 'ഓഷ്യാനിയ ഡിവിഷന്റെ' ചുമതലയാണ് അദ്ദേഹം ഇനി ഏറ്റെടുക്കുന്നത്.
അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് 2023ൽ വിനോദ് കെ. ജേക്കബ് ബഹ്റൈനിൽ അംബാസഡറായി ചുമതലയേറ്റത്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ. ജേക്കബ് ശ്രീലങ്കയ്ക്ക് പുറമെ ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ വിനോദ് കെ. ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്. ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽ നിന്ന് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദേശകാര്യ സര്‍വീസില്‍ ഉദ്യോഗസ്ഥയായ നംഗ്യ സി. ഖാംപയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ബഹ്റൈനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് വൈകാതെ ചുമതലയേൽക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. 2004 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഡോ. രാജ്‌പുരോഹിത് നിലവിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

