എയ്റോ എൻജിൻ സാങ്കേതികവിദ്യ അധികം താമസിയാതെ ഇന്ത്യ വികസിപ്പിക്കും -ഡോ. ടെസ്സി തോമസ്
text_fieldsഇന്ത്യൻ ലേഡീസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ലീല ജഷൻമൽ പ്രഭാഷണം
നടത്താനെത്തിയ ഡോ. ടെസ്സി തോമസ് സംഘാടകർക്കും അതിഥികൾക്കുമൊപ്പം
മനാമ: എയ്റോ എൻജിനുകൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ അധികം താമസിയാതെ ഇന്ത്യ വികസിപ്പിക്കുമെന്നും ഒരു ദശാബ്ദത്തിനുള്ളിൽ വലിയ യാത്രാവിമാനങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ഡോ. ടെസ്സി തോമസ്. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിച്ച ലീല ജഷൻമൽ പ്രഭാഷണ പരിപാടിയിൽ ‘വിമൻ ആൻഡ് സയന്റിഫിക് പ്രോഗ്രസ്: എനേബലിങ് ജെൻഡർ ഡൈവേഴ്സിറ്റി ഇൻ എയ്റോസ്പേസ് റിസർച്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പഠിക്കാൻ തയാറാണെങ്കിൽ ശാസ്ത്രസാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മികവ് പുലർത്താനും വിജയിക്കാനും കഴിയുമെന്നും ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലും അഗ്നി-IV മിസൈലുകളുടെ മുൻ പ്രോജക്ട് ഡയറക്ടറുമായ ടെസ്സി പറഞ്ഞു.
കേരളത്തിലെ ആലപ്പുഴയിൽ ജനിച്ച താൻ തിരുവനന്തപുരത്തെ തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപമാണ് വളർന്നതെന്നും റോക്കറ്റുകളോടും മിസൈലുകളോടുമുള്ള തന്റെ ഇഷ്ടം അന്നു തുടങ്ങിയെന്നും ‘മിസൈൽ വുമൺ ഓഫ് ഇന്ത്യ’ എന്നും അറിയപ്പെടുന്ന ഡോ. ടെസി പറഞ്ഞു. തന്റെ മാതാപിതാക്കൾ മറ്റെന്തിനെക്കാൾ ഉപരിയായി മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കിയതുകൊണ്ടാണ് താനുൾപ്പെടെ ആറ് സഹോദരങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ കരിയർ വികസിപ്പിച്ചെടുത്തത്. പെൺകുട്ടികൾ ധാരാളമായി ശാസ്ത്രരംഗത്തേക്ക് കടന്നുവരേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സീഫിലെ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി വിശിഷ്ടാതിഥിയായിരുന്നു. ഐ.എൽ.എ രക്ഷാധികാരി മോണിക്ക ശ്രീവാസ്തവ സന്നിഹിതയായിരുന്നു. ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത്ത് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.