Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ മതേതരമാകാൻ ...

ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?

text_fields
bookmark_border
ഇന്ത്യ മതേതരമാകാൻ    നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
cancel

സ്വതന്ത്ര ഭാരതത്തെ അതിന്റെ പൂർണതയിൽ നമ്മൾ അവതരിപ്പിച്ച 76 വർഷങ്ങൾ. തിരിഞ്ഞുനോക്കുമ്പോൾ അനേകായിരം വൈവിധ്യങ്ങൾക്കിടയിൽ വിഭജിച്ചു പോകാമായിരുന്ന നിരവധിയായ കാരണങ്ങൾക്കിടയിൽ നമ്മൾ വിയോജിച്ചുകൊണ്ടുതന്നെ യോജിക്കുന്നു.

അനുനയത്തിന്റെ ഇത്തരം ഇടങ്ങളാണ് നമ്മെ മുന്നോട്ടു നയിച്ചത്. അത്തരമിടങ്ങൾ രൂപപ്പെടുത്തുന്നതിൽ ഏറ്റവും സുപ്രധാനമായ സ്ഥാനം മഹത്തായ ഒരു ഗ്രന്ഥത്തിനാണെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം നമ്മുക്ക് ഉറപ്പിച്ചു പറയാം. ഇന്ത്യൻ ഭരണഘടനയെന്നാണതിന്റെ നാമം.

‘1950 ജനുവരി 26ന് ഇന്ത്യ പൂർണമായ രീതിയിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക്കാവും. ഈ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും? രാജ്യം അതിന്റെ സ്വാതന്ത്ര്യം നിലനിർത്തുമോ’

കരട് ഭരണഘടനയുടെ അവസാനവട്ട ചർച്ചകൾക്കിടയിൽ ഭരണഘടന സമിതിയെ അഭിസംബോധന ചെയ്ത് ഭരണഘടന ശിൽപി ഡോ:ബി.ആർ. അംബേദ്കർ പ്രകടിപ്പിച്ച ആശങ്കകൾ ഈ അവസരത്തിൽ രാജ്യത്ത് ഏറെ ചർച്ചയാവുകയാണ്.

ഭരണഘടനയുടെ ആമുഖത്തിലെ ഇന്ത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമാണെന്ന ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളിയിരിക്കുന്നു. 1976 ലാണ് ആമുഖത്തിൽ രാജ്യത്തിന്റെ ഘടനയെ വിശേഷിപ്പിക്കുന്ന ഭാഗത്ത് മതേതര, സോഷ്യലിസ്റ്റ് എന്ന പദങ്ങൾ 42ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തത് ഇത് ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാൽ ഈ വാക്കുകൾ ഇല്ലെങ്കിൽപോലും ഇന്ത്യയുടെ ഭരണഘടന മതേതര സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും അതിനാൽ ഈ ഭേദഗതിയിൽ തെറ്റില്ലെന്നും ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർഥമാക്കുന്നത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഹരജികൾ പരിഗണിക്കവേ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം ഇന്ത്യ മതേതരമാവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്നായിരുന്നു. രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളോടുള്ള പ്രത്യാശയും അഭിമാനവും ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഈ പരാമർശത്തിനായി എന്നുള്ളത് പ്രതീക്ഷയാവുകയാണ്.

നമ്മുടെ രാജ്യം ഒരു വിപുലമായ ചരിത്ര പ്രക്രിയയുടെ സൃഷ്ടിയാണ്. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകളായി അത് നിർമാണ ദിശയിലായിരുന്നു. ഇന്ത്യൻ ദേശീയതയുടെ വേരുകൾ ചരിത്രത്തിൽ ആഴ്ന്ന് കിടക്കുന്നതാണ്. രാഷ്ട്ര നിർമാണം എന്നത് നീണ്ടകാലം നിലനിൽക്കുന്ന തുടർച്ചയായ പ്രക്രിയയും നിരന്തരം തടസ്സങ്ങളും തകർച്ചയും തിരിച്ചടികളും അതിനുണ്ടാവുമെന്നും ദേശീയ നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു.

റിപ്പബ്ലിക്കിന്റെ സ്ഥാപകർ എന്ന നിലയിൽ നേതാക്കൾക്ക് രാജ്യത്തെ ഏകീകരിക്കുക എന്നത് സ്വാതന്ത്ര്യത്തിനു ശേഷവും തുടരേണ്ടതാണ് എന്നും അതിനുവേണ്ടിയുള്ള പ്രത്യയശാസ്ത്ര രാഷ്ട്രീയ പരിശ്രമങ്ങൾ വളർത്തി കൊണ്ടുവരേണ്ടതാണ് എന്ന വലിയ ബോധ്യം നമ്മുടെ നേതാക്കളെ മുന്നോട്ട് നയിച്ചിരുന്നു. അത്തരം ബോധ്യങ്ങളുടെ വലിയ തിരിച്ചറിവാണ് രാജ്യത്ത് ഇപ്പോഴും ഉയർന്ന് വരുന്ന വിവേചനത്തിനെതിരായ പ്രതിരോധ ശബ്ദം‘ജയ് ഭീം’

1950 ജനുവരി 26ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാവുമ്പോൾ അത് വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കുള്ള പ്രവേശനവുമായിരുന്നു. രാഷ്ട്രീയത്തിൽ സമത്വമുണ്ടാകും. സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അസമത്വവും. രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്ത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ സാമൂഹിക സാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്ത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരുന്നു. ഭക്തിയും വീരാരാധനയും ലോകത്ത് മറ്റൊരിടത്തും ദർശിക്കാത്ത രീതിയിൽ ഇന്ത്യയുടെ രാഷ്ടീയത്തിൽ വലിയ പങ്കുവഹിക്കുന്നു.

നിലവിൽ നമ്മുടെ രാജ്യത്തിന്റെ വർത്തമാനകാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ മേൽ ഉദ്ധരിച്ച വാചകങ്ങൾ പലയാവർത്തി വായിക്കേണ്ടതായിവരും. ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ, ഇന്ത്യയെന്ന മഹത്തായ രാഷ്ട്രീയ ആശയത്തെ നിലനിർത്തുന്നത്.

നേരത്തേ സൂചിപ്പിച്ചതുപോലെ, വിയോജിപ്പുകളും യോജിപ്പുകളും കലഹങ്ങളും നിരവധി രാജ്യത്തുണ്ടായിട്ടുണ്ട് എങ്കിലും അപ്പോഴൊന്നും ഭരണഘടനയെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ ഇത്രത്തോളം സജീവമല്ലായിരുന്നു. എന്നാൽ, സമീപകാല സാഹചര്യങ്ങൾ അങ്ങനെയല്ല. ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ തുടർജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള അതിക്രമങ്ങളാണ് ഭരണഘടനക്കു നേരെയുണ്ടാകുന്നത്.

‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ’ എന്നാരംഭിക്കുന്ന ഇന്ത്യൻ ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ വ്യത്യാസങ്ങളുടെയോ ഒന്നും പേരിലല്ല പരിഗണിച്ചത്. അവരുടെ മതവിശ്വാസങ്ങളോ, തൊഴിലോ സാമ്പത്തികനിലയോ ഒന്നും പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശാധികാരങ്ങളെ റദ്ദുചെയ്യാനുള്ള ഉപാധിയായി കരുതിയിരുന്നുമില്ല. ദേശീയ സ്വാതന്ത്ര്യസമരകാലത്തോ വിഭജനകാലത്തോ ഇന്ത്യയെന്ന ഭൂവിഭാഗത്തിന്റെ അഖണ്ഡതയുറപ്പിച്ച കാലത്തോ ഒന്നും തന്നെ നമ്മുടെ ദേശീയ നേതാക്കളോ ഭരണാധികളോ മതാധിഷ്ഠിതമാകണം ഈ രാജ്യമെന്ന് ആഗ്രഹിച്ചിരുന്നില്ല.

ഭരണഘടനക്ക്​ കാവലാവണം

സ്വാതന്ത്ര്യാനന്തരം രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രയാസം എന്തായിരുന്നുവെന്ന് ജവാഹർലാൽ നെഹ്റുവിനോട് ഒരിക്കൽ ചോദിക്കുന്നുണ്ട്. നെഹ്റു നൽകിയ മറുപടി ‘നീതിപൂർവകമായ വഴികളിലൂടെ നീതി അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക, ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക’ -എത്രമേൽ ആഴത്തിലുള്ള കാഴ്ചപ്പാടാണ് രാജ്യവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമ്മുടെ ഭരണാധികാരിക്കുണ്ടായിരുന്നതെന്ന് നെഹ്റുവിന്റെ മറുപടിയിൽ വ്യക്തമാക്കും.

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യാനും അട്ടിമറിക്കാനും നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയ 76 വർഷങ്ങളാണ് നാം പിന്നിടുന്നത്. അത്തരം ശ്രമങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. അതിന്റെ ഇരകളായിരിക്കുന്നത് ദലിതരും ആദിവാസികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളുമടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളാണ്.

അതുകൊണ്ടുതന്നെ ഭരണഘടനയുടെ ദുർവ്യാഖ്യാനങ്ങളെയും അട്ടിമറികളെയും പ്രതിരോധിക്കേണ്ടത് നമ്മുടെ അന്തസ്സാർന്ന നിലനിൽപിന് അനിവാര്യമാണ്. ഭരണഘടനയുടെയും അത് മുന്നോട്ടുവെക്കുന്ന ധാർമികതയുടെയും പ്രചാരകരും സംരക്ഷകരുമായി നാം ഒരോരുത്തരും മാറേണ്ടതുണ്ട്. അതിലൂടെ മാത്രമെ രാഷ്ട്ര നിർമാണത്തിനായി ജീവിതം ത്യജിച്ചവരോട്

നമുക്ക് നീതി പുലർത്താനാവുകയുള്ളൂ.ചരിത്രം തങ്ങൾക്ക് ശേഷമാണ് കാര്യങ്ങളെ അടയാളപ്പെടുത്തി തുടങ്ങിയത് എന്നൊരു ഭരണകൂടം വിചാരിച്ചു തുടങ്ങിയാൽ മറ്റുള്ളവർക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. അതിനു മുമ്പ് ചരിത്രമുണ്ടെന്ന് അവരെ നിരന്തരം ഓർമിപ്പിക്കുകയല്ലാതെ.

ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രത്തെയും ജനാധിപത്യ മൂല്യങ്ങളാൽ പുനർ നിർമിക്കുകയെന്നതു തന്നെയായിരിക്കണം നമ്മുടെ ലക്ഷ്യം. ഈ മഹത്തായ ലക്ഷ്യത്തിലേക്ക് തുറന്നിട്ട വാതായനമാണ് നമ്മുടെ ഭരണഘടനയെന്ന ബോധ്യത്തെ ഉറപ്പിക്കുന്നതായിരിക്കണം ഈ റിപ്പബ്ലിക് ദിനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecularismConstitutionDr. B.R. AmbedkarRepublic Day 2025
News Summary - India to become secular
Next Story