റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്ത്യൻ പ്രവാസികൾ
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്വീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ അംബാസഡർ വിേനാദ് കെ. ജേക്കബ് വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, പൗരപ്രമുഖർ തുടങ്ങിയവർ
മനാമ: ബഹ്റൈനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് പ്രവാസി സമൂഹം. പ്രവാസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തി.
എംബസി അങ്കണത്തിൽ അംബാസഡർ രാവിലെ പതാക ഉയർത്തിയപ്പോൾ
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷം
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ഒരുക്കിയ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തിൽ ഒരുക്കിയ പതാക ഉയർത്തൽ ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രസിഡന്റ് എബ്രഹാം സാമുവൽ പതാക ഉയർത്തി റിപ്പബ്ലിക് ഡേ സന്ദേശം നൽകി. ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ബാബു തങ്ങളത്തിൽ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ പാട്രൻ കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹിക പ്രവർത്തകരായ ഇ.വി. രാജീവൻ, എ.വി. കുരുവിള, സേവി മാത്തുണ്ണി, ഡബ്ല്യു.എം.സി വൈസ് പ്രസിഡന്റ് സുജിത്ത് കൂട്ടാല, രഘു പ്രകാശൻ, വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു സിന്ധു രജനീഷ് നന്ദി പ്രകാശിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
കെ.സി.എ റിപ്പബ്ലിക് ദിനാഘോഷം
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് കെ.സി.എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.
കെ.സി.എ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വർത്തമാന സാഹചര്യങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടുന്നുണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. കെ.സി.എ ട്രെഷറർ നവീൻ എബ്രഹാം, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, റോയ് സി. ആന്റണി, സീനിയർ അംഗം റോയ് ജോസഫ് എന്നിവരും കെ.സി.എ അംഗങ്ങളും കുടുംബാംഗങ്ങളും മറ്റ് അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ, ഐ.ടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന് പതാക വന്ദനം നടത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സ്കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം.
ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട്
പതാക ഉയർത്തുന്നു
അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ ഗൾഫ് സഹോദയ ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. കൂടാതെ, കായികരംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. സ്കൂൾ ബാൻഡ്, സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന് പ്രത്യേക അവാർഡുകളും സമ്മാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. ജൂനിയർ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവശ്രീ സുശാന്ത്, റിപ്പബ്ലിക് ദിന പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ വർണാഭമായ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. ആദ്യ സമീരൻ പാണിഗ്രഹി, പരിജ്ഞാത അമിൻ, വർഷിത ഗോട്ടൂർ എന്നിവർ അവതാരകരായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അവാർഡ് ജേതാക്കളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 77 ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയപതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ.പി.എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, മറ്റ് സെൻട്രൽ, ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി
മനാമ: ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ് പി.ടി ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അംഗങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോർ ഗ്രൂപ് ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ട്രഷറര് ജേക്കബ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ട്രഷറര് ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര, ലേഡിസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, ട്രഷറര് സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞയെടുക്കുന്നു
ഐ.സി.എഫ് സൽമാബാദ് റീജൻ ഇന്ത്യ
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൽമാബാദ് റീജൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൽമാബാദ് മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസയിൽ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ ഗാനാലാപനം, മധുരവിതരണം എന്നിവ നടന്നു. അധ്യാപകരായ ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ലിയാർ വെള്ളൂർ, സഹീർ ഫാളിലി എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് സൽമാബാദ് മദ്റസയിൽ നടന്ന റിപ്പബ്ലിക് സംഗമത്തിൽ അബ്ദുറഹീം സഖാഫി സന്ദേശ പ്രഭാഷണം നടത്തുന്നു
ഇന്ത്യൻ ക്ലബിൽ റിപ്പബ്ലിക് ദിനാഘോഷം
മനാമ: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനം ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ ആവേശപൂർവം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 6.30ന് ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ദേശീയപതാക ഉയർത്തി. ദേശഭക്തിയും ഐക്യവും വിളിച്ചോതിയ ചടങ്ങിൽ ക്ലബ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും നിരവധി പ്രവാസികളും പങ്കെടുത്തു. പതാക ഉയർത്തിയതിനെത്തുടർന്ന് സദസ് ആദരപൂർവം ദേശീയഗാനം ആലപിച്ചു. തുടർന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഭരണസമിതിക്കുവേണ്ടി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും അംഗങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ, വൈസ് പ്രസിഡന്റ് വി.എം. വിദ്യാധരൻ, എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു, ടെന്നിസ് സെക്രട്ടറി അനൂബ് ഗോപാലകൃഷ്ണൻ, ഇൻഡോർ സെക്രട്ടറി സി.എ. ഷാജിമോൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഔദ്യോഗിക ചടങ്ങുകൾക്കുശേഷം നടന്ന ലഘുഭക്ഷണവിരുന്നിലും സൗഹൃദസംഗമത്തിലും നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

