ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ സന്നദ്ധമായി ഇന്ത്യ
text_fieldsഇന്ത്യയിലെയും ബഹ്റൈനിലെയും ബിസിനസുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘ബയർ സെല്ലർ മീറ്റി’ൽനിന്ന്
മനാമ: മാറിവരുന്ന ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഭക്ഷ്യോൽപന്ന രംഗത്ത് കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ തേടി ഇന്ത്യയിലെയും ബഹ്റൈനിലെയും ബിസിനസുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'ബയർ സെല്ലർ മീറ്റി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷക്ക് ബഹ്റൈൻ നൽകുന്ന പ്രാധാന്യം എടുത്തുപറഞ്ഞ അംബാസഡർ, ഈ രംഗത്ത് ഇന്ത്യ തുടർന്നും ബഹ്റൈന്റെ വിശ്വസ്ത പങ്കാളിയായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ബഹ്റൈന്റെ ഭക്ഷ്യസുരക്ഷക്കുവേണ്ടി പ്രാദേശിക ഉൽപാദനം വർധിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയും അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റിയും (എ.പി.ഇ.ഡി.എ) സംയുക്തമായാണ് 'ബയർ സെല്ലർ മീറ്റ്' സംഘടിപ്പിച്ചത്. ബഹ്റൈൻ ഇന്ത്യ സൊസൈറ്റി (ബി.ഐ.എസ്), ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ പ്രധാന ചർച്ച വിഷയമായി.
2023 ചെറുധാന്യങ്ങളുടെ വർഷമായി യു.എൻ ജനറൽ അസംബ്ലി ആചരിക്കുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ ഈ ധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു. ലോകത്ത് ഏറ്റവുമധികം ചെറുധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ബഹ്റൈനിലെ വ്യാപാര സാധ്യതകളെക്കുറിച്ച് ഇവിടെനിന്നുള്ള ഇറക്കുമതി രംഗത്തെ പ്രമുഖർ വിശദീകരിച്ചു. ലുലു ഹൈപർമാർക്കറ്റ്, മെഗാമാർട്ട്, അൽ ജസീറ ഗ്രൂപ് എന്നിവയുടെ പ്രതിനിധികളും ഇന്ത്യയിലെയും ബഹ്റൈനിലെയും കയറ്റുമതി, ഇറക്കുമതി രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.