ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ; മേൽനോട്ടത്തിനായി പ്രത്യേക ടീം രൂപവത്കരിക്കും
text_fieldsകഴിഞ്ഞദിവസം മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളുടെയും വ്യവസായമന്ത്രിമാരായ പിയൂഷ് ഗോയൽ, ഖൈസ് ബിൻ മുഹമ്മദ് അൽ
യൂസുഫ് എന്നിവർ കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) നടത്തിപ്പ് മേൽനോട്ടത്തിനായി ദേശീയതലത്തിൽ റാപിഡ് ഇൻറർവെൻഷൻ ടീം രൂപീകരിക്കുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. കരാർ ബാധിക്കുന്ന മേഖലകളിലോ സ്ഥാപനങ്ങളിലോ നേരിടാവുന്ന വെല്ലുവിളികൾ പരിഹരിക്കുകയാണ് സംഘത്തിന്റെ ദൗത്യം. കരാർ പ്രാബല്യത്തിൽ വരുന്നതിനുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചരക്കുകളും സേവനങ്ങളും തമ്മിലുള്ള വ്യാപാര കൈമാറ്റം വർധിപ്പിക്കുക, നിക്ഷേപങ്ങൾ ആകർഷിക്കുക, ഇരുരാജ്യങ്ങൾക്കും പ്രാധാന്യമുള്ള മേഖലകളിലെ സഹകരണം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാർ നടപ്പാക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് അധിക മൂല്യം സൃഷ്ടിക്കാനും ഒമാനി കയറ്റുമതികളുടെ മത്സരക്ഷമത ഉയർത്താനും വഴിവെക്കുന്നതാണ് കരാറെന്ന് ഇതു സംബന്ധിച്ച സാമ്പത്തികപഠനം വ്യക്തമാക്കിയതായി മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃതവസ്തുക്കളിലെ കസ്റ്റംസ് തീരുവ കുറക്കുന്നത് ഉൽപാദന ചെലവ് കുറക്കാനും നിർമാണ വ്യവസായങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും സഹായിക്കും. ഇതോടെ ഗൾഫ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന വ്യാപാര-ലോജിസ്റ്റിക് ഹബ്ബായി ഒമാൻ മാറും.
കരാർ യാഥാർഥ്യമാവുന്നതിന് മുന്നോടിയായി 2023 മുതൽ 2025 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ചർച്ചകൾ നടന്നത്. പൊതുചട്ടക്കൂടുകൾ, നിയമ-നിയന്ത്രണ അധ്യായങ്ങൾ, ഉത്ഭവ നിയമങ്ങൾ, ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ, വ്യാപാര സൗകര്യവത്കരണം, ചരക്കുകളും സേവനങ്ങളുമായുള്ള വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, സഹകരണം, തർക്കപരിഹാരം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന സന്തുലിതമായ കരാർ രൂപീകരിക്കാനായതായി മന്ത്രാലയം അറിയിച്ചു.
പോളിഥിലീൻ, യൂറിയ, ജിപ്സം, ഇഥിലീൻ ഉൾപ്പെടെയുള്ള ഓയിൽ ഇതര കയറ്റുമതികളിലാണ് ഇന്ത്യയുമായുള്ള ഒമാന്റെ വ്യാപാരം പ്രധാനമായും നടക്കുന്നത്. കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഒമാനി കയറ്റുമതിക്ക് കൂടുതൽ അവസരങ്ങൾ തുറക്കും.
16 പ്രധാന അധ്യായങ്ങളും സാങ്കേതിക അനുബന്ധങ്ങളും ഉൾക്കൊള്ളുന്നതാണ് കരാർ. ചരക്കുകളും സേവനങ്ങളുമായുള്ള വ്യാപാരം, കസ്റ്റംസ് തീരുവ കുറവ്, ഇറക്കുമതി-കയറ്റുമതി നടപടികൾ, വ്യാപാര സൗകര്യവത്കരണം, ബൗദ്ധിക സ്വത്തവകാശം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സാമ്പത്തിക-സാങ്കേതിക സഹകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ആന്റി-ഡമ്പിങ്, സേഫ്ഗാർഡ് നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിവത്കരണം സംബന്ധിച്ച ദേശീയ നിയമങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

