അഭിമാന നിറവിൽ ഇന്ത്യ ഇന്ന് 77ാം റിപ്പബ്ലിക് ആഘോഷിക്കുന്നു
text_fields
രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ നമുക്ക് പ്രതിജ്ഞയെടുക്കാം
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാണ് ഓരോ ഭാരതീയന്റെയും കരുത്ത്. ഇന്ത്യനായി ജീവിക്കുന്ന ഓരോ സാഹചര്യത്തിലും ഒരു പ്രവാസി എന്ന നിലയിലും സ്വന്തം രാജ്യത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിക്കാൻ നമുക്ക് പ്രതിജ്ഞ എടുക്കേണ്ടതായിട്ടുണ്ട്. ഇന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ കാഴ്ചവെക്കുന്ന സാമ്പത്തിക മുന്നേറ്റത്തിലും സാങ്കേതിക വിദ്യയിലുള്ള കരുത്തിലും നമുക്ക് അഭിമാനിക്കാം.
ബഹ്റൈനടക്കം അയൽപക്കരാജ്യങ്ങളായ മറ്റ് ജി.സി.സി രാജ്യങ്ങളോടും ഇന്ത്യ ദൃഢപ്പെടുത്തിയെടുക്കുന്ന ഉഭയകക്ഷി ബന്ധവും സഹകരണവും രാജ്യങ്ങളെ പരസ്പരം വളർത്തിക്കൊണ്ടിരിക്കയാണ്. മികച്ചൊരു ജനാധിപത്യരാജ്യമെന്നിരിക്കെതന്നെ അതിവിപുലമായ സംസ്കാരവും വാണിജ്യ പൈതൃകവും നിറഞ്ഞു നിൽക്കുന്ന ഒരു നാടുകൂടിയാണ് നമ്മുടേത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്.
ഭരണഘടന തത്ത്വങ്ങളെ ബഹുമാനിച്ച് നമുക്ക് മുന്നേറാം
അതിരുകളില്ലാത്ത സ്വപ്നങ്ങളുമായി പ്രവാസ ലോകത്ത് പടുത്തുയർത്തിയ ഓരോ വിജയവും നമ്മുടെ രാജ്യത്തിനുള്ള സമർപ്പണമാണ്. ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ ഈ റിപ്പബ്ലിക് ദിനം നമുക്ക് പ്രചോദനമാകണം.
നാനാത്വത്തിൽ ഏകത്വം എന്ന മഹിതമായ ആശയത്തെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ കരുത്താണ് നമ്മുടെ രാജ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നാം, നമ്മുടെ പ്രവൃത്തികളിലൂടെ ഭാരതത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു.
നീതിയും സ്വാതന്ത്ര്യവും എല്ലാവർക്കും ഉറപ്പുനൽകുന്ന ഒരു നവഭാരതത്തിനായി നമുക്ക് കൈകോർക്കാം. വൈവിധ്യങ്ങളെ സ്നേഹിച്ചും ഭരണഘടനാ തത്ത്വങ്ങളെ ബഹുമാനിച്ചും നമുക്ക് മുന്നേറാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
സമത്വവും സാഹോദര്യവും മുറുകെപ്പിടിച്ച് മുന്നോട്ട്
നാടും വീടും വിട്ട് മറുനാട്ടിൽ കഴിയുമ്പോഴും നമ്മുടെ വേരുകൾ എന്നും ഇന്ത്യയിലാണ്. ഭാരതം നമുക്ക് നൽകിയ കരുത്തും സംസ്കാരവുമാണ് ഓരോ പ്രവാസിയുടെയും വിജയത്തിനു പിന്നിൽ. നമ്മുടെ രാജ്യം വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും മുറുകെപ്പിടിച്ചുകൊണ്ട്, വിദേശ മണ്ണിൽ ഇന്ത്യയുടെ അംബാസഡർമാരായി പ്രവർത്തിക്കാൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഇന്ന് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത് ആദരവോടെയാണ്. പ്രവാസികളായ നമ്മൾ ഓരോരുത്തരും നമ്മുടെ തൊഴിലിടങ്ങളിൽ പുലർത്തുന്ന സത്യസന്ധതയും അധ്വാനശീലവുമാണ് ഇന്ത്യയുടെ ഈ സൽപ്പേര് ലോകമെങ്ങും എത്തിച്ചത്. ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ നമ്മുടെ വഴികളിലും ആത്മവിശ്വാസം പകരുന്നുണ്ട്. സമാധാനവും പുരോഗതിയും നിറഞ്ഞ ഒരു ഇന്ത്യക്കായി നമുക്ക് പ്രവർത്തിക്കാം. ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ റിപ്പബ്ലിക് ദിനം ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
