ഹുർമുസ് കടലിടുക്കിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവില്ല
text_fieldsവിനോദ് കെ. ജേക്കബ് (ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ)
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യയുടെ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുകയുണ്ടായി. ഹുർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഗതാഗത തടസ്സങ്ങളും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം സഭയിൽ വ്യക്തമാക്കി. ഇന്ത്യയിലേക്കാവശ്യമായ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വളങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ പ്രധാന വിതരണ പാതയാണിത്. ഫെബ്രുവരി 28ന് മേഖലയിൽ യുദ്ധം ആരംഭിച്ചതോടെ ഈ സുപ്രധാന സമുദ്രപാത വഴിയുള്ള ഗതാഗതം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇത്തരം തടസ്സങ്ങൾ രാജ്യത്തെ വിപണിയെയും ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
മാർച്ച് 20ന് ഈദ് അൽ ഫിത്ർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നു. മേഖലയിലെ ഊർജ-സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്‍റെയും കപ്പൽ പാതകൾ സുരക്ഷിതമായി തുറന്നു കൊടുക്കേണ്ടതിന്‍റെയും പ്രാധാന്യവും ചർച്ചയിൽ അദ്ദേഹം ഓർമിപ്പിച്ചു.
ആധുനിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജലഭ്യതയിൽ ജി.സി.സി മേഖല വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള ഊർജ്ജ വിപണിക്കും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കും ഒരുപോലെ വെല്ലുവിളിയാണ്. യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സംഘർഷം ലഘൂകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സാധാരണക്കാർക്കും ഊർജ്ജ-ഗതാഗത സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു.
ബഹ്‌റൈൻ നേതൃത്വം നൽകിയ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്‍റെ സഹ സ്പോൺസർമാരിൽ ഒരാളാണ് ഇന്ത്യ. ഇത് മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ചർച്ചകളും നയതന്ത്ര ചാനലുകളും വഴി മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് ഇന്ത്യ വിശ്വസിക്കുന്നു. സമാധാനപരമായ ഒരു ഒത്തുതീർപ്പിലെത്താൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.
(ലേഖകൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറാണ്. ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

