മാതൃരാജ്യത്തേക്ക് മടങ്ങാനൊരുങ്ങി പ്രവാസികൾ
text_fieldsമനാമ: ഏഴാം തീയതി മുതൽ ഇന്ത്യയിലേക്ക് മടങ്ങാമെന്ന പ്രഖ്യാപനം ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്കും ആശ്വാസ വാർത്തയായി. ഇന്ത്യൻ എംബസികൾ തയ്യാറാക്കുന്ന മുൻഗണന പട്ടിക അനുസരിച്ചായിരിക്കും പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്നത്. തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കായി ബഹ്റൈൻ ഇന്ത്യൻ എംബസിയിലും രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 6000ലധികം പേർ എംബസിയിൽ രജിസ്റ്റർ ചെയ്തതതായി ഇന്ത്യൻഎംബസി ചാർജ് ഡി അഫയേഴ്സ് നോർബു നേഗി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബഹ്റൈനിൽനിന്ന് എന്ന് ആദ്യ സർവീസ് പുറപ്പെടുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിെൻറ പ്രഖ്യാപനം വന്നതിന് പിന്നാലെ രജിസ്ട്രേഷൻ നടത്തിയവരെ ഇന്ത്യൻ എംബസിയിൽനിന്ന് ബന്ധപ്പെടുന്നുണ്ട്. സ്വന്തം ചെലവിൽ പോകാൻ തയ്യാറാണോ എന്നാണ് അന്വേഷിക്കുന്നത്.
പൊതുമാപ്പ് ലഭിച്ചവർ, ജോലി നഷ്ടമായവർ, വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, ഗർഭിണികൾ, ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പോകുന്നവർ, സന്ദർശക വിസയിൽ എത്തിയവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിനാൽ തിരിച്ചുപോകുന്ന വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഗർഭിണികളിൽതന്നെ വിമാന യാത്രക്ക് അനുവദനീയമായ സമയപരിധിക്കുള്ളിലുള്ളവരെയാണ് കൊണ്ടുപോവുക.
വിവിധ ഘട്ടങ്ങളിലായാണ് പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നത്. ഏഴാം തീയതി മുതൽ ഇത് ആരംഭിക്കുമെങ്കിൽ ബഹ്റൈനിൽനിന്നുള്ളവരെ എന്ന് കൊണ്ടുപോകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.അതേസമയം, വിമാന യാത്ര ചെലവ് പ്രവാസികൾ വഹിക്കണമെന്ന ഉത്തരവ് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നാടിനുവേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസികളെ ഇൗ അടിയന്തര സാഹചര്യത്തിൽ സർക്കാർ ചെലവിൽ മാതൃരാജ്യത്ത് എത്തിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. ആശുപത്രികൾ അല്ലാത്ത സ്ഥലങ്ങളിൽ ക്വാറൻറീനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണമെന്ന ഉത്തരവിലെ നിർദേശം ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ രണ്ടുലക്ഷം പേരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിൽ കഴിയാൻ പണം നൽകേണ്ടതില്ല. വിവിധ മത, സാമൂഹിക സംഘടനകൾ ക്വാറൻറീന് സൗകര്യം ഒരുക്കുന്നതിന് കെട്ടിടങ്ങൾ വിട്ടുനൽകിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേരള സർക്കാർ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറൻറീന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. വിമാന യാത്രക്കൂലിയുടെ ചെലവ് വഹിക്കാൻ പ്രയാസപ്പെടുന്നവരെ സൗജന്യമായി കൊണ്ടുപോകാനും കൂടുതൽ പേർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് ലോക കേരളസഭ അംഗവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറുമായ പി.വി. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.
തിരിച്ചുപോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം
മനാമ: ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്യണം. നേരത്തേ നോർക്കയിൽ നടത്തിയ രജിസ്ട്രേഷൻ തിരിച്ചുപോകുന്നതിന് മതിയാകില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണത്തെക്കുറിച്ച് വ്യക്തതയുണ്ടാക്കാനും മതിയായ ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനുമാണ് നോർക്കയിൽ രജിസ്ട്രേഷൻ നടത്തുന്നതെന്ന് ലോക കേരളസഭ അംഗങ്ങളായ സുബൈർ കണ്ണൂർ, പി.വി. രാധാകൃഷ്ണ പിള്ള, സോമൻ ബേബി, സി.വി. നാരായണൻ എന്നിവർ അറിയിച്ചു. നോർക്ക രജിസ്ട്രേഷൻ വിമാന ടിക്കറ്റ് ബുക്കിങ്ങിന് മുൻഗണനക്കോ മറ്റോ ബാധകമല്ലെന്ന് നോർക്ക തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരുടെ പേരുവിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കുമെന്നും നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർഥിക്കുമെന്നും നോർക്ക അറിയിച്ചിട്ടുണ്ട്.
https://forms.gle/FCWAxcy2JsUtzY3L6 എന്നതാണ് എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
