സാമ്പത്തിക, മൂലധന നിക്ഷേപ മേഖലകളിൽ ഇന്ത്യ-ബഹ്റൈൻ സഹകരണം മെച്ചപ്പെടുത്തും
text_fieldsനിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സ്വീകരിക്കുന്നു
മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇരുവരും വിലയിരുത്തി. സാമ്പത്തിക മേഖലയിലും മൂലധന നിക്ഷേപത്തിലും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്തു.
നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ നിയുക്ത അംബാസഡർക്ക് മന്ത്രി വിജയാശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അനുസ്മരിച്ച മന്ത്രി, ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ താൽപര്യം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുശക്തമായ ബന്ധം ചൂണ്ടിക്കാട്ടിയ നിയുക്ത അംബാസഡർ, മൂലധന നിക്ഷേപം പരസ്പരം വർധിപ്പിക്കാനുള്ള ബഹ്റൈൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

