ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നു ; വിദേശകാര്യമന്ത്രിയുടെ സന്ദർശനവും പ്രതിരോധ സഹകരണവും വിശദീകരിച്ച് അംബാസഡർ
text_fieldsഅംബാസഡറും എംബസി അധികൃതരും പത്രസമ്മേളനത്തിനിടെ
മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ജൂലൈ 6-7 തീയതികളിൽ ബഹ്‌റൈൻ സന്ദർശിച്ചതിന്‍റെ ഭാഗമായി വാർത്താസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു അംബാസഡർ.
സന്ദർശനത്തിനിടെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ചർച്ചയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ 2026-2027 കാലയളവിലേക്ക് ബഹ്‌റൈന് ലഭിച്ച അംഗത്വത്തെക്കുറിച്ചും സംസാരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന ഭരണനേതൃത്വത്തിന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2025 - മാർച്ച് 2026) ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ആകെ വ്യാപാരം 1.66 ബില്യൺ യുഎസ് ഡോളറിലെത്തിയതായും, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.57 ശതമാനം വർദ്ധനവാണെന്നും അംബാസഡർ വ്യക്തമാക്കി. ബഹ്‌റൈൻ പൗരന്മാർക്കായി ഏർപ്പെടുത്തിയ ഇ-വിസ സംവിധാനം ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, 14 വിഭാഗങ്ങളിലായി 4,651 ഇ-വിസകൾ ഇതുവരെ നൽകിയിട്ടുണ്ട്. ബഹ്‌റൈൻ മാളിലെ ഇന്ത്യൻ കോൺസുലർ ആൻഡ് ആപ്ലിക്കേഷൻ സെന്റർ (ഐ.സി.എ.സി) വഴി ഒരു വർഷത്തിനിടെ 39,121 സേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമുദ്ര സുരക്ഷയിൽ ഇന്ത്യ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അംബാസഡർ, 2026 ഫെബ്രുവരി മുതൽ ബഹ്‌റൈൻ ആസ്ഥാനമായുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സസിന്റെ (സി.എം.എഫ്) ടാസ്‌ക് ഫോഴ്‌സ് 154-ന്റെ നേതൃത്വം ഇന്ത്യൻ നാവികസേന ഏറ്റെടുത്ത കാര്യം എടുത്തുപറഞ്ഞു. ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായും, മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ അക്രമങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

