ഇന്ത്യൻ സ്‌കൂൾ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണം -ഇൻഡക്സ് ബഹ്‌റൈൻ
text_fieldsമനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ജീവനക്കാരുടെ കുടിശ്ശികയായ ശമ്പള ഗഡുക്കൾ ഉടൻ കൊടുത്തു തീർക്കണമെന്നും അധ്യാപകരുടെ ക്ഷാമം പരിഹരിക്കണമെന്നും ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകുന്നതും ഭാഗികമായി മാത്രം വിതരണം ചെയ്യുന്നതും കാരണം സാധാരണക്കാരായ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം ആഗസ്റ്റ് ആദ്യവാരത്തിലും ബാക്കി 25 ശതമാനം അടുത്തിടെയുമാണ് നൽകിയത്. ആഗസ്റ്റിലെ പകുതി ശമ്പളം മാത്രമാണ് നിലവിൽ വിതരണം ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് മാസത്തെ ലീവ് സാലറി നൽകിയിരുന്ന സ്ഥാനത്ത് നിലവിലെ ഭരണസമിതി അതിൽ മാറ്റം വരുത്തി. സെപ്റ്റംബറിൽ സ്‌കൂൾ തുറന്ന് ജോയിൻ ചെയ്ത ശേഷമേ രണ്ടാമത്തെ മാസത്തെ ലീവ് സാലറി നൽകൂ എന്ന നിലപാടിലാണ് അധികൃതർ. ജോലി നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണ് പല ജീവനക്കാരും മന്ത്രാലയത്തിൽ പരാതിപ്പെടാൻ മടിക്കുന്നത്.
അധ്യാപകക്ഷാമം കാരണം മുതിർന്ന ക്ലാസുകളിലെ പ്രധാന വിഷയങ്ങളുടെ പഠനം പോലും തടസ്സപ്പെടുന്നുണ്ട്. പുതിയ സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് മാത്തമാറ്റിക്‌സ് ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് മതിയായ അധ്യാപകരില്ലാത്തത് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്നു.
രക്ഷിതാക്കൾ ഫീസ് അടക്കാത്തത് മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. റിഫ ക്യാമ്പസ് വായ്പ അടച്ചുതീർന്നതും ട്രാൻസ്പോർട്ട് വിഭാഗം ലാഭത്തിലായതും ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്കൂൾ ഈ നിലയിലായതിന് കാരണം അമിതച്ചെലവുകളും ആസൂത്രണമില്ലായ്മയുമാണെന്ന് ഇൻഡക്സ് ആരോപിച്ചു. ശമ്പള കുടിശ്ശിക നൽകാനും പുതിയ അധ്യാപകരെ നിയമിക്കാനും ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന് ഇൻഡക്സ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

