സ്വാതന്ത്ര്യത്തിന്റെ അമൃതും കഞ്ഞിവെള്ളവും
text_fields‘ഇന്ത്യയിലെ തെരുവുകളിലൂടെ രാത്രിയിൽ ഒറ്റക്ക് ഒരു സ്ത്രീക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ദിവസം, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറയാം - ഗാന്ധിജി
ഇതാ വീണ്ടും ഒരു ആഗസ്റ്റ് 15! സ്വതന്ത്ര ഭാരതാംബക്ക് 78 തികയുന്നു.
1947 ആഗസ്റ്റ് 14ന്‍റെ പാതിരാവിൽ, ലോകമുറങ്ങുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നാണ് പറയപ്പെടുന്നത്. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു ചോദ്യം അവശേഷിക്കുന്നു. സത്യത്തിൽ, ആർക്കൊക്കെയാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അമൃത് ഭുജിക്കാൻ കിട്ടിയത്? ആർക്കൊക്കെയാണ് ഇവിടെ കണ്ണീരുപ്പിട്ട സ്വാതന്ത്യ്രത്തിന്റെ കഞ്ഞിവെള്ളം പോലും നിഷേധിക്കപ്പെട്ടത്? കച്ചവടത്തിനായി വന്ന് രാജ്യം കൈയടക്കി, കട്ട് മുടിച്ച ബ്രിട്ടീഷ് ചൂഷകർ കെട്ടുകെട്ടി പോയി. അവരിൽനിന്ന് ചൂഷണത്തിന്റെ ചെങ്കോലും ധൂർത്തിന്റെ കിരീടവും അഴിമതിയുടെയും അധികാരത്തിന്റെയും സിംഹാസനവും നാട്ടുകാരായ രാഷ്ട്രീയ പ്രഭുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെയാണോ ‘സ്വാതന്ത്യ്രം’ എന്ന് വിളിക്കുന്നത്? ‘പലർ നേടി തന്നോരു സ്വാതന്ത്ര്യം, ചിലർ കൂടിയിരുന്ന് പകുത്തീടുന്നു, മേടയിൽ മണിമേടയിൽ’ എന്ന് കവി എസ്. രമേശൻ നായർ എഴുതിയതെത്ര സത്യം!
ഈ സ്വാതന്ത്ര്യത്തിന്റെ നിധി കുംഭങ്ങൾ, മണിമേടകളിലെ സ്വർണ സിംഹാസനങ്ങളിലിരുന്ന് പങ്കിട്ടെടുക്കുന്നവരിൽ പ്രധാനമായുള്ളത് ആമാശയ രാഷ്ട്രീയക്കാർ തന്നെയാണ്. രാഷ്ട്രീയം ഉപജീവനമാർഗവും ബിസിനസും വ്യവസായവും ഒക്കെ ആക്കി മാറ്റിയ കപട ജനസേവകർ. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അഴിമതി മന്നന്മാർ.
പൊതുജനങ്ങളെ കഴുതകളാക്കാൻ വേണ്ടി അവർ പരസ്പരം പോരടിക്കുന്നുവെന്ന് അഭിനയിക്കുമെങ്കിലും അവരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട സമയത്ത് അവർ ഒന്നിക്കും. ഉദാഹരണമായി, എം.എൽ.എമാരുടെയും എം.പിമാരുടെയും ശമ്പളം വർധിപ്പിക്കുന്ന സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നാണ്. പ്രശസ്‌ത സാഹിത്യകാരനായ ഒ.വി. വിജയൻ 40 വർഷങ്ങൾക്കു മുമ്പ് രചിച്ച ‘ധർമപുരാണം’ എന്ന നോവലിൽ പ്രജാപതി എന്നൊരു കഥാപാത്രമുണ്ട്. മല- മൂത്ര- ബീജ വിസർജ്യങ്ങളിൽ ആറാടുന്നൊരു സ്വേച്ഛാധിപതി. അഴിമതി തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന, നമ്മുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തിലെ തമ്പുരാക്കന്മാരുടെ പ്രതീകമാണ് ആ പ്രജാപതി. ഒ.വി ‘ധർമപുരാണത്തിൽ പ്രതീകാത്മകമായി, ‘ആക്ഷേപഹാസ്യമായി എഴുതിയ, അധികാരികളുടെ പല തോന്ന്യാസങ്ങളുമാണ് ഇന്ത്യയിൽ ഇന്നും നടക്കുന്നത്. അതായത് സ്വാതന്ത്ര്യം കിട്ടി 78 വർഷങ്ങൾ കഴിഞ്ഞിട്ടും.
സ്വാതന്ത്ര്യത്തിന്റെ ലഹരിയുള്ള വീഞ്ഞ് കുടിച്ചു മദിക്കുന്നവരിൽ രാഷ്ട്രീയക്കാർ മാത്രമല്ലയുള്ളത്; പലരുമുണ്ട്. രാഷ്ട്രീയക്കാരുടെ ശിങ്കിടികൾ, അധികാരികളുടെ ആശീർവാദത്തോടെ വളരുന്ന മാഫിയ തലവന്മാർ, അധോലോക രാജാക്കന്മാർ, ലഹരിക്കടത്തുകാർ... അങ്ങനെ സ്വതന്ത്ര ഇന്ത്യയെ ഒരു ബനാന റിപ്പബ്ലിക് ആക്കി മാറ്റുന്ന ക്രിമിനലുകളുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. മഹാത്മാ ഗാന്ധി പറയുകയുണ്ടായി, ‘ഇന്ത്യയിലെ തെരുവുകളിലൂടെ രാത്രിയിൽ ഒറ്റക്ക് ഒരു സ്ത്രീക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ദിവസം, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറയാം’ എന്ന്. ഇന്ത്യയിലെ ‘നിർഭയ’മാരുടെയും നിർഭാഗ്യവതികളായ ലക്ഷക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും ദുരന്താനുഭവങ്ങളും ആത്മഹത്യകളും ക്രൂരമായ കൊലകളും മറ്റും തെളിയിക്കുന്നത്, ഗാന്ധിജി വിഭാവനചെയ്ത സ്വതന്ത്ര ഇന്ത്യ ഇനിയും അതിവിദൂരത്താണെന്നാണ്! സ്വാതന്ത്ര്യം തന്നെ അമൃതെന്ന് പാടുന്നു കവികൾ.
ആ അമൃതോ വീഞ്ഞോ കിട്ടിയില്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ കഞ്ഞിവെള്ളമെങ്കിലും കിട്ടിയാൽ മതിയെന്ന മോഹവുമായി ഇന്നും ലക്ഷക്കണക്കിന് മനുഷ്യർ അലയുന്നുണ്ട്. അടിസ്ഥാനാവശ്യങ്ങൾക്കുപോലും ഗതിയില്ലാത്ത പാവങ്ങൾ. നീതിയും കാരുണ്യവും തേടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നവർ. തുറക്കാത്ത വാതിലുകളിൽ മുട്ടി അവസാനം നിരാശരായി ജീവനൊടുക്കുന്നവർ. അവർക്കും സ്വാതന്ത്ര്യം കുമ്പിളിൽത്തന്നെ! എങ്കിലും പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങാം. ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവൻ കൊടുത്തവരും, സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ എന്നെങ്കിലും പൂവണിയുമെന്ന പ്രതീക്ഷയോടെ... പ്രതീക്ഷ, അതല്ലേ എല്ലാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

