ബി.ടി.ഇ.എ തീരുമാനം സ്വാഗതാർഹം
text_fieldsബഹ്റൈൻ ടൂറിസവും എക്സിബിഷൻ അതോറിറ്റിയും( ബി.ടി.ഇ.എ) ഇന്ത്യയെയും മറ്റു നാലു രാജ്യങ്ങളെയും, ബഹ്റൈന്റെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയ തീരുമാനം ബഹ്റൈനിലെ എല്ലാ ഇന്ത്യൻ സംഘടനകളും ഏകോപനത്തോടെ പ്രവർത്തിക്കുവാനുള്ള ഒരു അസുലഭ അവസരമായി കണക്കാക്കണം.
ബി.ടി.ഇ.എയുടെ ബന്ധപ്പെട്ട അധികാരികളുമായി കൂടിക്കാഴ്ചകൾ നടത്തി, ഇത് ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാംവിധം ടൂറിസ്റ്റുകൾക്ക് ആകർഷകരമായ പരിപാടികൾ നടപ്പാക്കാൻ സാധ്യമായവ ചെയ്യാൻ പരിചയ സമ്പന്നരായ സാമൂഹികപ്രവർത്തകരെ ഏകോപിപ്പിച്ച് ആരോഗ്യ വിദ്യാഭ്യാസ കലാകായിക സംസ്കാരിക സംഘടനകളെയും സർക്കാർ, അർധ സർക്കാർ ഏജൻസികളുമായി ധാരണയിൽ എത്തിച്ചേരാൻ ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹായവും നേതൃത്വവും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എംബസികളുമായി സഹകരിച്ച പ്രവർത്തിക്കുന്ന കാര്യം ബി.ടി.ഇ.എ വിവരിച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സെമിനാറുകൾ കലാ സാംസ്കാരിക കായിക പരിപാടികൾ മതസൗഹാർദത്തിന് മാതൃകാപരമായി നിലകൊള്ളുന്ന ബഹ്റൈൻ അതിനുള്ള ഒരു വേദിയായി മാറ്റാനും സാധിക്കും. മലയാളികളായ മഹാഭൂരിപക്ഷം പ്രവാസി ഇന്ത്യക്കാർ ആഘോഷിക്കുന്ന ഓണപ്പരിപാടികൾ ആകർഷണീയവും വിപുലമായി ഏകോപനത്തോടുകൂടി നടത്തപ്പെടാൻ സാധിക്കുമെങ്കിൽ നമ്മുടെ മാതാപിതാക്കളെയും ഉറ്റവരെയും ഉടയവരെയും സുഹൃത്തുക്കളെയും ബഹ്റൈനിലേക്ക് ക്ഷണിച്ച് കുട്ടികളുടെ സമ്മർ വെക്കേഷൻ സന്തോഷകരവും ആനന്ദദായകവുമായ ഒരു അവധിയായി മാറ്റാൻ സാധിക്കും. നാട്ടിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടീമുകളെ ഉൾപ്പെടുത്തി വിവിധ കായിക മത്സരങ്ങൾ നടത്താൻ സാധിക്കും. എല്ലാം ടൂറിസം മേഖലകൾക്ക് ഊർജം നൽകുന്ന പരിപാടികളായി മാറ്റുന്നതിന് ബി.ടി.ഇയുടെ പൂർണ പിന്തുണയും പ്രതീക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.