രണ്ടുവർഷം, പ്രവാസികളുടെ ചികിത്സ ഫീസായി മാത്രം ലഭിച്ചത് 40 ലക്ഷത്തോളം ദീനാർ
text_fieldsമനാമ: 2023 മുതൽ ബഹ്റൈനിലെ സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ചികിത്സ തേടിയ സ്വദേശികളല്ലാത്തവരിൽനിന്ന് ഏകദേശം നാലുദശലക്ഷം ദീനാർ (ഏകദേശം 88 കോടി രൂപ) ഫീസായി ലഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. ജലീല അൽസയ്യിദ് അറിയിച്ചു.
പാർലമെന്റ് അംഗം മഹ്മൂദ് ഫർദാന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ കണക്കുകൾ വ്യക്തമാക്കിയത്. 2023 മുതൽ 2025 വരെയുള്ള കണക്കുകൾപ്രകാരം ആകെ ലഭിച്ചത് 3,987,988 ദീനാറാണ്. ഇക്കാലയളവിൽ സർക്കാർ ആശുപത്രികളിൽനിന്ന് മാത്രം 3,518,787 ദീനാർ ലഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് 469,201 ദീനാറാണ് ലഭിച്ചത്. ഏകദേശം 3.43 ലക്ഷം പേർ ചികിത്സ തേടിയെത്തിയിരുന്നു. അതിൽ 47,105 പേർ അഡ്മിറ്റ് ചെയ്ത രോഗികളായിരുന്നു.
ചികിത്സാനിരക്കിൽ ഇളവ് നൽകുന്ന കാര്യത്തിൽ ബഹ്റൈൻ മാനുഷികമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 2.58 ലക്ഷം കേസുകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ബഹ്റൈൻ പൗരന്മാരുടെ വിദേശികളായ പങ്കാളികൾ, ബഹ്റൈൻ സ്വദേശിനികളുടെ മക്കൾ, ജി.സി.സി പൗരന്മാർ, തടവുകാർ, ബഹ്റൈനിൽ താമസിക്കുന്ന രാജ്യമില്ലാത്തവർ, സിവിൽ സർവിസ് നിയമത്തിന് കീഴിലുള്ള സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും, പാസ്പോർട്ട് ലഭിക്കാത്ത രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നവജാത ശിശുക്കൾ എന്നിവർക്കാണ് രാജ്യത്ത് ചികിത്സ ഇളവുകൾ ലഭിക്കുക. രാജ്യത്തെ ആരോഗ്യ മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ, ആവശ്യക്കാർക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഡോ. ജലീല പറഞ്ഞു. നിയമപരമായ കാരണങ്ങളാലോ മാനുഷിക പരിഗണനവെച്ചോ അർഹരായവർക്ക് ഇളവുകൾ നൽകുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

