കേരളീയ സമാജത്തിൽ നാടകോത്സവത്തിന് അരങ്ങുണരുന്നു
text_fieldsമനാമ: ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം ജനുവരി 11 മുതൽ 19 വരെ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ഒമ്പത് രാത്രികളിലായി ഒമ്പത് നാടകങ്ങളാണ് നാടക പ്രേമികളെ കാത്തിരിക്കുന്നതെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി. ദേവൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഉദ്ഘാടന ദിവസം രാത്രി എട്ടിന് ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്ത 'ദി ലാസ്റ്റ് സല്യൂട്ട്' വേദിയിലെത്തും. തുടർന്നുള്ള ദിവസങ്ങളിൽ ജയൻ മേലേത്ത് എഴുതി സംവിധാനം ചെയ്ത് ബഹ്റൈൻ പ്രതിഭ റിഫ മേഖല അണിയിച്ചൊരുക്കുന്ന 'അനർഘ നിമിഷങ്ങൾ', കലാകേന്ദ്ര ആർട്സ് സെന്റർ അവതരിപ്പിക്കുന്ന 'ഉമ്മീദ്', വൈഖരി അവതരിപ്പിക്കുന്ന 'ദ്രാവിഡപ്പെണ്ണ്', പ്രദീപ് മണ്ടൂരിന്റെ രചനയിൽ കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം ചെയ്യുന്ന 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ', ബോണി ജോസ് എഴുതി സംവിധാനം ചെയ്ത 'കൂട്ട് ', ഔർ ക്ലിക്സും പ്രവാസി ബഹ്റൈനും സംയുക്തമായി അവതരിപ്പിക്കുന്ന 'അനാമികളുടെ വിലാപം', ജയൻ മേലെത്തിന്റെ രചനയിൽ ഷാഗിത്ത് രമേശ് സംവിധാനം ചെയ്ത 'ഐ.സി.യു' എന്നീ നാടകങ്ങൾ അരങ്ങിലെത്തും. നാടകോത്സവത്തിന്റെ അവസാനദിനമായ ജനുവരി 19ന് ഫിറോസ് തിരുവത്രയുടെ രചനയിൽ ഹരീഷ് മേനോൻ സംവിധാനം ചെയ്ത 'അൽ അഖിറ' എന്ന നാടകമാണ് അരങ്ങേറുക.
തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ വിനോത് അളിയത്തിനെ (3378 2001) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

