വിസ തട്ടിപ്പിനു പുറമേ ആൾമാറാട്ട കേസിലും; ദുരിതക്കയത്തിൽ പ്രവാസി യുവാവ്
text_fieldsതാജുൽ മുലൂഖ്
മനാമ: വിസ തട്ടിപ്പിനു പുറമേ ആൾമാറാട്ട കേസും നേരിടുന്ന മലയാളി യുവാവ് ദുരിതക്കയത്തിൽ. കോഴിക്കോട് ചാലിയം സ്വദേശി താജുൽ മുലൂഖാണീ ഹതഭാഗ്യൻ. ജോലി ചെയ്തുകൊണ്ടിരുന്ന മുഹറഖിലെ കഫറ്റീരിയ സ്പോൺസർ ഇടപെട്ട് പൂട്ടിയതോടെയാണ് ഇദ്ദേഹത്തിന്റെ ദുരിതങ്ങളുടെ തുടക്കം. വിസ അടിക്കാൻ പാസ്പോർട്ട് നൽകി കാത്തിരുന്ന് അവസാനം ആ പാസ്പോർട്ടിൽ മറ്റൊരാൾ യാത്ര ചെയ്ത് പാസ്പോർട്ട് തിരികെ ബഹ്റൈനിലെത്തിയതിന്റെ കുടുക്കിൽ പെട്ടിരിക്കുകയാണ് ഇദ്ദേഹം.
പൊടുന്നനെ ജോലിയും വിസയും നഷ്ടപ്പെട്ട താജുൽ മുലൂഖിന് വിസ തരപ്പെടുത്തിക്കൊടുക്കാമെന്നും പകുതി പൈസ ഇപ്പോൾ മതിയെന്നുമുള്ള ഒരു ഏജന്റിന്റെ ഉറപ്പിലായിരുന്നു പാസ്പോർട്ട് കൈമാറിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ ജലീലെന്ന് പേരുള്ള ഏജന്റ് വിസ അടിച്ചുനൽകുന്നതിനായി 300 ദീനാറും പാസ്പോർട്ടും ഇദ്ദേഹത്തിൽനിന്ന് കൈപ്പറ്റി. വിസ ലഭ്യമാവുന്നതിൽ കാലതാമസം വരുന്നതനുസരിച്ച് നാലു തവണ കാൻസൽ എക്സ്റ്റന്റ് ചെയ്തിരുന്നു. പിന്നീട് വിസ ശരിയാവുന്നുണ്ടെന്ന് അറിയിച്ച് 700 ദീനാർ ഏജന്റ് കൈവശപ്പെടുത്തി. പാസ്പോർട്ട് തിരികെ ലഭിച്ച താജുൽ മുലൂഖ് നാട്ടിൽ പോയി വരാനുള്ള തയാറെടുപ്പിലായിരുന്നു. വിസയുടെ പ്രിന്റ് എടുക്കാൻ പോയ സന്ദർഭത്തിലാണ് എമിഗ്രേഷനിൽ ഇദ്ദേഹത്തിന്റെ പേരിൽ വിസയില്ലെന്ന് മനസ്സിലാവുന്നത്. എൽ.എം.ആർ.എ സൈറ്റിൽ വാലിഡ് വിസയുള്ളതായും എമിഗ്രേഷനിൽ ഇല്ലാത്തതും ചെക്ക് ചെയ്യാൻ സ്വദേശി ഏജന്റ് മുഖേന അന്വേഷിച്ചപ്പോഴും റിജക്ടാവുകയായിരുന്നു.
തുടർന്ന് തന്റെ പാസ്പോർട്ട് ഉപയോഗിച്ച് ആരോ യാത്ര ചെയ്തിട്ടുണ്ടാവുമെന്ന സുഹൃത്തിന്റെ തമാശയാണ് പാസ്പോർട്ട് പരിശോധിക്കാൻ ഇടയാക്കിയത്. തുടർന്ന് പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് ഏപ്രിൽ 23ന് മുംബൈ വിമാനത്താവളം വഴി ഇതേ പാസ്പോട്ടുമായി മറ്റൊരാൾ യാത്രചെയ്തതിന്റെ സ്റ്റാമ്പ് പതിച്ചത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ട്മൂല മുഖേന എമിഗ്രേഷനിൽ അന്വേഷിച്ചപ്പോൾ നടന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടു. ഈ വിഷയം ഏജന്റുമായി പങ്കുവെച്ചപ്പോൾ ഉടനടി അവർ തന്റെ അടുത്തെത്തി ഉടൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താജുൽ മുലൂഖിന്റെ കൈയിൽനിന്ന് പാസ്പോർട്ട് കൈക്കലാക്കി. തുടർന്ന് പല തവണ ഏജന്റുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. ഈ സന്ദർഭത്തിലാണ് താൻ ശരിക്കും കബളിപ്പിക്കപ്പെട്ടതായി താജിന് മനസ്സിലാവുന്നത്. ഇതിനിടെ ഏജന്റ് മറ്റൊരു കേസിൽ ജയിലിലാണെന്ന് അറിഞ്ഞതായി താജ് പറഞ്ഞു.
പാസ്പോർട്ടും പണവും നഷ്ടമായതിനു പുറമേ തന്റെ പാസ്പോർട്ടിൽ മറ്റൊരാൾ യാത്ര ചെയ്തതിന്റെയും പ്രയാസത്തിലാണ് താജുൽ മുലൂഖിപ്പോൾ. സലാം മമ്പാട്ടുമൂല മുഖേന കഴിഞ്ഞ ഓപൺ ഹൗസിൽ അംബാസഡർക്ക് പരാതി നൽകി. ഗൗരവമേറിയ വിഷയമാണെന്നും നിയമപരമായി നേരിടുമെന്നും അംബാസഡർ പറഞ്ഞതായി താജ് മുലൂഖ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ മുഖേന പരാതി നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം. ഇത്തരത്തിൽ ഇനി ഒരാളും ചതികളിൽപെടാൻ ഇടയാവരുതെന്നും അതു കൊണ്ടാണീ ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതെന്നും സലാം മമ്പാട്ട്മൂല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

