വായനക്ക് ലോകം നൽകുന്ന പ്രാധാന്യം
text_fieldsഅറിവിന്റെ അതിമഹത്തായ അനുരണങ്ങളിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോവുന്ന മഹത്തായൊരു പ്രക്രിയയാണ് വായന. എന്റെ വായിൽനിന്ന് പുറപ്പെടുന്ന ഈ വചനം ഭക്ഷിച്ചുകൊള്ളുക എന്ന് വായനയെപ്പറ്റി ബൈബിൾ ഉണർത്തുമ്പോൾ, ഖുർആനിൽ ആദ്യമായി അവതരിക്കപ്പെട്ട വാക്ക് തന്നെ വായിക്കുക എന്നതായിരുന്നു.
മനസ്സിലെ മാലിന്യമകറ്റാൻ അറിവിനെക്കാൾ വലിയൊരു ഉപായമില്ല എന്നാണ് ഭഗവത് ഗീത അതിമനോഹരമായി പറഞ്ഞുവെക്കുന്നത്. ചുരുക്കത്തിൽ മതങ്ങളും മഹദ് ഗ്രന്ഥങ്ങളും വായനക്ക് നൽകുന്ന പ്രാധാന്യം വളരെ വളരെ വലുതാണ്. ‘ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ, വായന കൊണ്ട് അതിനെ ജ്വലിപ്പിക്കുക’ എന്നാണ് രാഷ്ട്രപിതാവ് നമ്മോട് പറഞ്ഞുവെച്ചത്. വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുത്തോളൂ എന്ന ബ്രെഹ്ത്തിന്റെ വാക്കുകളും ഇവിടെ സ്മരണീയമാണ്.
ചെറുതും വലുതുമായ സ്ക്രീനുകളിൽ വലിയൊരു വിഭാഗം കുടുങ്ങിപ്പോയ വാർത്തമാനത്തിലും അക്ഷരങ്ങളെ ചേർത്തുപിടിക്കാൻ കുറച്ചുപേരെങ്കിലുമുണ്ട് എന്നത് പ്രതീക്ഷാനിർഭരം തന്നെയാണ്. മലയാളിയുടെ ധിഷണയെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചെടുക്കാൻ ജീവിതം മാറ്റിവെച്ച അനവധി എഴുത്തുകാരെ ഈ സമയത്ത് ഓർക്കേണ്ടതുണ്ട്.
തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കഴിയാതെ പോയ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അക്ഷരങ്ങളിലൂടെ അധികാരി വർഗത്തിന് മുമ്പിലെത്തിക്കുകയും യോജിച്ച പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു എന്നിടത്താണ് ‘മാധ്യമം’ ദിനപത്രം വേറിട്ട് നിൽക്കുന്നത്. ശബ്ദം നഷ്ടപ്പെട്ടവർക്കുവേണ്ടി ഉച്ചത്തിൽ ഒച്ചയിട്ടുകൊണ്ട് നീണ്ട 40 വർഷത്തിലേക്ക് ജൈത്രയാത്ര നടത്തുന്ന വെള്ളിമാട്കുന്നിൽ ഉദിച്ച വെള്ളിനക്ഷത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം വായനയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

