കുടുംബ ഭദ്രതക്കും നേതൃപദവിക്കും പ്രാധാന്യം; ബഹ്റൈൻ വനിതാശാക്തീകരണ ദേശീയ പദ്ധതിക്ക് രൂപം നൽകി
text_fieldsമനാമ: ബഹ്റൈൻ വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) 2025-2026 വർഷത്തേക്കുള്ള ദേശീയപദ്ധതിക്ക് രൂപം നൽകി. ഹമദ് രാജാവിന്റെ പത്നിയും കൗൺസിൽ ചെയർപേഴ്സനുമായ ശൈഖ സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബ ഭദ്രത, തീരുമാനമെടുക്കാനുള്ള കഴിവ്, സാമ്പത്തിക പങ്കാളിത്തം, ജീവിതനിലവാരം എന്നീ നാല് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നയങ്ങൾ, ലിംഗഭേദപരമായ ബജറ്റ്, ബോധവത്കരണം, പരിശീലനം, മേൽനോട്ടം, വിലയിരുത്തൽ എന്നിങ്ങനെയുള്ള അഞ്ച് പ്രധാന നിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
കുടുംബ ഭദ്രതക്കാണ് പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയിരിക്കുന്നത്. സ്ത്രീകളെ രാഷ്ട്രനിർമാണത്തിൽ സജീവ പങ്കാളികളാക്കുക, ദേശീയ മൂല്യങ്ങളും കുടുംബ ഘടനയും സംരക്ഷിക്കുക, കൂടാതെ സ്ത്രീകൾക്ക് കുടുംബപരമായ ഉത്തരവാദിത്തങ്ങളും സാമൂഹിക പങ്കാളിത്തവും സമന്വയിപ്പിക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി, കുടുംബനിയമങ്ങൾ പരിഷ്കരിക്കുക, സ്ത്രീകൾക്കായുള്ള സംരക്ഷണസേവനങ്ങൾ മെച്ചപ്പെടുത്തുക, വിവാഹത്തിന് തയാറെടുക്കുന്നവർക്കായി കൗൺസിലിങ് ക്ലാസുകൾ നടത്തുക തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും.
തീരുമാനമെടുക്കാനുള്ള കഴിവ് എന്ന മുൻഗണന മേഖലയിലൂടെ പൊതു-സ്വകാര്യ മേഖലകളിലെ നേതൃപദവികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാണ് എസ്.സി.ഡബ്ല്യു ശ്രമിക്കുന്നത്. ലിംഗസമത്വം ഒരു വികസന ആവശ്യമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. പൊതു ഓഹരി കമ്പനികളുടെ ഡയറക്ടർ ബോർഡുകൾ, നീതിന്യായ-നയതന്ത്ര രംഗങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ രൂപവത്കരിക്കുകയും പ്രത്യേക പരിശീലനങ്ങൾ നൽകുകയും ചെയ്യും.
ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ശൈഖ സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫ അവാർഡ്. തൊഴിൽമേഖലയിൽ സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെടുത്താനും അവർക്ക് ഉന്നത പദവികളിൽ എത്താൻ അവസരമൊരുക്കാനും ഈ അവാർഡ് പ്രോത്സാഹനം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

