സനദിൽ നിയമവിരുദ്ധ തൊഴിലാളി ക്യാമ്പ്: അധികൃതർക്കെതിരെ രൂക്ഷവിമർശം
text_fieldsമനാമ: സനദിലെ ഹൗറത്തിൽ ജനവാസ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പ്രവാസി ലേബർ ക്യാമ്പിനെതിരെ നടപടി വേണമെന്ന് സതേൺ മുൻസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു. വൻതോതിൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകൾ കഴിഞ്ഞ ദിവസം വിച്ഛേദിച്ചു.
2018 മുതൽ ഈ കെട്ടിടം നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഏരിയ കൗൺസിലർ മുഹമ്മദ് ദർരാജ് ആരോപിച്ചു. ടെലിവിഷനിലൂടെ പരസ്യമായി പ്രതികരിച്ചതിന് ശേഷമാണ് അധികൃതർ നടപടിക്ക് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിട ഉടമ രാജ്യം വിട്ടതായി കരുതപ്പെടുന്നു. കഴിഞ്ഞ എട്ട് വർഷമായി സബ്‌സിഡി നിരക്കിലുള്ള വൈദ്യുതിയും വെള്ളവുമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇതുവഴി സർക്കാരിന് ഏകദേശം 40,000 ദിനാർ നഷ്ടമുണ്ടായതായും കൗൺസിലർ ആരോപിച്ചു.
ഭാവിയിൽ കുടുംബങ്ങൾക്കായി സോഷ്യൽ ഹൗസിംഗ് പദ്ധതികൾ വിഭാവനം ചെയ്ത മേഖലയിലാണ് ഈ കൂറ്റൻ ലേബർ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇത് പ്രദേശത്തെ കുടുംബങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക അന്തരീക്ഷത്തിനും ഭീഷണിയാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
എന്നാൽ സതേൺ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഈസ അൽ ബുവൈനൈൻ ആരോപണങ്ങൾ നിഷേധിച്ചു. അധികൃതർ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് നടപടികൾക്ക് സമയമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൗസിംഗ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിഷയം ഗൗരവമായി തുടരുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്ന് കൂടുതൽ വിശദീകരണം തേടുമെന്നും കൗൺസിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

